ഡൽഹി ഐഐടിയിൽ പ്രതിഷേധം ശക്തം; അച്ചടക്കനടപടി ഭീഷണിയുമായി മാനേജ്‌മന്റ്

ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ എംഎസ്‌സി ഫിസിക്സ് വിദ്യാർത്ഥി ഋഷികേശിന്റെ ആത്മഹത്യയിൽ ശക്തമായ പ്രതിഷേധം തുടർന്ന് വിദ്യാർഥികൾ. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഡയറക്ടർ രംഗൻ ബാനർജി രംഗത്തെത്തി.
ഋഷികേശിന്റെ മരണത്തിനുത്തരവാദികളായ അധ്യാപകർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഐഐടി അധികൃതരുടെ ഭാഗത്ത് നിന്ന് വന്നതോടെ വിദ്യാർഥികൾ സമരം കടുപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡല്‍ഹി ഐഐടിയില്‍ ജീവനൊടുക്കുന്ന എട്ടാമത്തെ വിദ്യാർത്ഥിയും ഈ വർഷത്തെ രണ്ടാമത്തെ വിദ്യാർത്ഥിയുമാണ് ഋഷികേശ്. ഫിസിക്‌സ് വകുപ്പിലെയും സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസിലെയും ഡീൻ, അസോസിയേറ്റ് ഡീൻ, മേധാവികൾ എന്നിവർ രാജിവെക്കണം, ഋഷികേഷിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉയർത്തിയിട്ടുണ്ട്.
പ്രതിഷേധത്തെത്തുടർന്ന് ഐഐടിയിലെ ക്ലാസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. ഋഷികേശിന് നീതികിട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലാണ് വിദ്യാർഥികൾ. പിതാവ് മരിച്ചത്തോടെ കടുത്ത മാനസിക സമ്മർദത്തിലായ ഋഷികേശ് ചികിത്സ തേടിയിരുന്നു.
തുടർന്ന് ക്യാമ്പസിലെത്തിയ ഋഷികേശ് സെമസ്റ്റർ ഡ്രോപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിരസിച്ചു. ഹോസ്റ്റൽ നിഷേധിച്ചു. ഹോസ്റ്റൽ മുറി ആശ്യപ്പെട്ട് അമ്മ അധികൃതരെ സമീപിച്ചെങ്കിലും അപമാനിച്ച് തിരിച്ചയച്ചു. ഇങ്ങനെ കടുത്ത മാനസികസമ്മർദങ്ങളാണ് ഋഷികേശിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വിദ്യാർഥികൾ പറയുന്നു.









0 comments