ad
Deshabhimani

കാലിത്തീറ്റ വില വർധിച്ചു; മുംബൈയിൽ പാലിന് വില ഉയരും

Milk poisoning.jpg
വെബ് ഡെസ്ക്

Published on Aug 29, 2026, 04:46 PM | 1 min read


മുംബൈ : കാലിത്തീറ്റക്ക് വില വർധിക്കുന്നതിനാൽ മുംബൈയിൽ പാലിന്റെ വില കുത്തനെ ഉയർന്നേക്കും. സെപ്തംബർ 1 മുതൽ ലിറ്ററിന് 9 രൂപ വർധിപ്പിക്കാൻ നഗരത്തിലെ പാൽ ഉല്പാദകർ തീരുമാനിച്ചതോടെയാണ് വിലക്കയറ്റത്തിന് സാധ്യതയേറിയത്. ഉത്സവ സീസണിന് തൊട്ടുമുമ്പാണ് പുതിയ വർധനവ് നിലവിൽ വരുന്നത്. സെപ്തംബർ ഒന്നു മുതൽ മുംബൈയിൽ ലിറ്ററിന് 93 രൂപ വിലയുള്ള പാലിന് ലിറ്ററിന് 102 രൂപയാകും.


പുതുക്കിയ നിരക്കുകൾ സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 2027 ഫെബ്രുവരി 28 വരെ ഇത് ബാധകമായി തുടരും. കാലിത്തീറ്റയുടെ വില കുത്തനെ ഉയർന്നതാണ് പാൽ വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് ഉല്പാദകർ പറഞ്ഞു. ഡയറി ഫാമുകൾ നടത്തുന്നതിനുള്ള ചെലവ് ഗണ്യമായി വർധിച്ചതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.


ധാന്യങ്ങൾ ഉൾപ്പെടെ നിരവധി തരത്തിലുള്ള കാലിത്തീറ്റയുടെ വില 25 ശതമാനം വരെ ഉയർന്നു. കാലിത്തീറ്റയുടെയും എണ്ണക്കുരുക്കളുടെയും വില ഉയർന്നത് പാൽ ഉല്പാദനത്തിന്റെ മൊത്തത്തിലുള്ള ചെലവ് വീണ്ടും വർധിപ്പിച്ചു. ഉല്പാദനച്ചെലവിലുണ്ടായ വർധനവാണ് വില പരിഷ്കരിക്കാൻ ഉല്പാദകർ തയ്യാറായതിന് പിന്നിൽ. രാജ്യത്താകെ അവശ്യസാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ പാലിനും വില കൂടുന്നതോടെ മുംബൈയിലെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home