വോട്ടര്‍മാരുടെ വിവരങ്ങൾ ചേര്‍ത്ത 3,404 എസ്ഐആര്‍ ഫോമുകളുമായി ബിജെപി നേതാവ് പിടിയിൽ

മുംബൈ:മഹാരാഷ്ട്രയിൽ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ വോട്ടര്‍മാര്‍ പൂരിപ്പിച്ചു നൽകിയ 3,404 ൽ എസ് ഐ ആര്‍ ഫോമുകളുമായി ബിജെപി പ്രവര്‍ത്തകൻ പിടിയിലായി. നവി മുംബൈയിലെ ഖാര്‍ഘറിലുള്ള സ്വകാര്യ ഫോട്ടോ കോപ്പി സെന്ററിൽ എത്തിച്ച് പകര്‍പ്പ് എടുക്കുന്നതിനിടെയാണ് സംഭവം പുറത്തായത്. ബിജെപി പ്രവര്‍ത്തകനും യുവമോര്‍ച്ച നേതാവുമായ സൂരജ് പാട്ടീൽ ആണ് പിടിയിലായത്. ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചത് കൂടുതൽ സംശയത്തിനും വിവാദങ്ങൾക്കും ഇടയാക്കി.
വോട്ടര്‍മാരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഫയലുകൾ കൂട്ടമായി പകര്‍പ്പ് എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടവര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അസൽ എസ്ഐആര്‍ ഫോമുകളാണെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശിവസേന പ്രവര്‍ത്തകര്‍ യുവാവിനെ തടഞ്ഞു വെച്ചു. വിവരം പൊലീസിൽ അറിയിച്ചു. പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ സ്ഥലത്തെത്തി ഫോമുകൾ സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും അവിടെ നിന്നും കടന്നു കളഞ്ഞു. ഇതോടെ ശിവസേനാ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിൽ പ്രതിഷേധവും കുത്തിയിരിപ്പും നടത്തി. പൊലീസ് മനപൂര്‍വം പ്രതിയെ രക്ഷപെടാനും ആരുമായോ ബന്ധപ്പെടാനും അനുവദിക്കയായിരുന്നു എന്നാണ് സംശയം.

പ്രതിഷേധം ശക്തമായതോടെ ഈ ബൂത്തുകളിൽ ഉത്തരവാദിത്തമുള്ള അഞ്ച് ബിഎൽഓമാരെ സസ്പെന്റ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തലയൂരാൻ ശ്രമിച്ചു. വാര്‍ത്ത പരന്നതോടെ സംഭവവുമായി ബന്ധമില്ലെന്ന് പറഞ്ഞ് പനവേൽ മേയറും ബിജെപി നേതാവുമായ നിതിൻ പാട്ടീൽ ധൃതിപിടിച്ച് രംഗത്തെത്തി.
സംസ്ഥാനത്ത് വീടുകൾ തോറുമുള്ള എസ് ഐ ആര്‍ വിവര ശേഖരണം പൂര്‍ത്തിയാക്കി ആഗസ്ത് 31 ന് കരട് വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കയാണ്. നവംബര്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതിനിടയിലാണ് വ്യാപകമായ തട്ടിപ്പ് കയ്യോടെ പിടിക്കപ്പെട്ടത്. ബിജെപി നേതൃത്വം ധൃതിപിടിച്ച് നിഷേധിച്ചു എങ്കിലും അറിയപ്പെടുന്ന യുവമോര്‍ച്ച നേതാവാണ് സൂരജ് പാട്ടീൽ.
രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക ഫോമുകൾ
ഒരു ബിഎൽഓയുടെ കീഴിൽ ഇത്രയും അധികം പൂരിപ്പിച്ച ഫോമുകൾ ഒരുമിച്ച് വരില്ല. 11 ബൂത്തുകളിലെ വിവരങ്ങളാണ്. ഇവ എങ്ങിനെ എവിടെ നിന്നും ലഭിച്ചു എന്നത് വ്യക്തമല്ല. ഉത്തരവാദപ്പെട്ട ഉന്നതര്‍ ഇടപെട്ട് എടുത്ത് നൽകാതെ ഇവ കെട്ടുകളായി പുറത്തെടുക്കുക എളുപ്പമല്ല. എസ് ഐ ആര്‍ ഫോറങ്ങളുടെ സമര്‍പ്പണ സമയം കഴിഞ്ഞതാണ്. നവി മുംബെയിലെ പനവേൽ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങളാണ്. ഖാര്‍ഘറിലെ ഫോട്ടോ കോപ്പി സെന്ററിലാണ് ഇവ പകര്‍പ്പെടുക്കാനായി രഹസ്യമായി എത്തിച്ചത്.

വിവരം അറിഞ്ഞതോടെ റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജവാളെ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. 11 പോളിങ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന സ്ഥലത്തെ വോട്ടര്‍മാരുടെ വിവരങ്ങളാണ്. ഇവ പൊലീസ് സീൽ ചെയ്തിരിക്കയാണ്. അന്വേഷണം ആരംഭിച്ചിരിക്കയാണെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.









0 comments