വേലവൻ സെന്തിൽകുമാറിന് കന്നി പിഎസ്എ സ്ക്വാഷ് ടൂർ കിരീടം

വേലവൻ സെന്തിൽകുമാർ
ബുഡാപെസ്റ്റ്: ബുഡാപെസ്റ്റ് ഓപ്പൺ ഫൈനലിൽ ഹംഗറിയുടെ ബാലാസ് ഫർകാസിനെ തോൽപ്പിച്ച് ഇന്ത്യയുടെ വേലവൻ സെന്തിൽകുമാർ കരിയറിലെ ആദ്യ പിഎസ്എ സ്ക്വാഷ് ടൂർ കിരീടം സ്വന്തമാക്കി. തമിഴ്നാട് സേലം സ്വദേശിയാണ് വേലവൻ സെന്തിൽകുമാർ
എട്ടാം സീഡായ സെന്തിൽകുമാർ ഒമ്പതാം സീഡായ ഫർകാസിനെ 11-4, 11-2, 11-3 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 43,500 ഡോളർ സമ്മാനത്തുകയുള്ള പിഎസ്എ കോപ്പർ-ലെവൽ ടൂർണമെന്റിലെ വിജയം സെന്തിൽകുമാറിന്റെ ആദ്യ പിഎസ്എ ടൂർ കിരീടമാണ്.
ക്വാർട്ടർ ഫൈനലിൽ ലോക 19-ാം നമ്പർ മലേഷ്യൻ താരം എയിൻ യോവിനെ 11-2, 11-9, 11-8 എന്ന സ്കോറിന് വീഴ്ത്തിയ സെന്തിൽകുമാർ സെമിയിൽ സഹതാരം വീർ ചോത്രാനിയെ അഞ്ച് ഗെയിം നീണ്ട പോരാട്ടത്തിൽ മറികടന്നു.
ഫൈനലിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ താരം മൂന്ന് ഗെയിമുകളിലായി വെറും ഒമ്പത് പോയിന്റ് മാത്രമാണ് ഫർകാസിന് വിട്ടുനൽകിയത്.
വരാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ലഭിച്ച ഈ കിരീടം സെന്തിൽകുമാറിന് വലിയ ആത്മവിശ്വാസമാകും. ഏഷ്യൻ ഗെയിംസിലെ സിംഗിൾസ് ചാമ്പ്യന്മാർക്ക് ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനുള്ള അവസരവുമുണ്ട്









0 comments