പുലികളിയാവേശത്തിൽ തൃശൂർ; വർണപുലികളെക്കൊണ്ട് നിറഞ്ഞ് സ്വരാജ് റൗണ്ട്

തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലികളിയുടെ ആവേശം നിറഞ്ഞ് തൃശൂർ സ്വരാജ് റൗണ്ട്. വൈകിട്ട് നാലുമണിക്ക് പുലികളി ആരംഭിച്ചതോടെ നഗരത്തിലാകെ പുലികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്തവണ ഒൻപതു സംഘങ്ങളാണ് പുലികളിയിൽ പങ്കെടുത്തത്. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ട്. 450 ഓളം പുലികളെക്കൊണ്ട് തൃശൂർ നഗരം വർണാഭമായിരിക്കുകയാണ്.

യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷാണ് പുലിക്കളിക്ക് ഫ്ലാഹ് ഓഫ് നടത്തിയത്. നിശ്ചലദൃശ്യങ്ങൾ കൂടിയായതോടെ പുലികളി സമ്പൂർണ ദൃശ്യവിരുന്നാവുകയാണ്. കുട്ടി പുലികളും പെൺപുലികളും കളം നിറയ്ക്കുന്നതും കാണാം. കേരളത്തിന്റെ നാനാഭാഗത്ത് നിന്നുള്ള പതിനായിരക്കണക്കിനാളുകളാണ് പുലികളി കാണാനായി തൃശൂർ നഗരത്തിലെത്തിയത്.
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാൽ പുലികളി സമാജം, വിയ്യൂർ യുവജന സംഘം, ശങ്കരങ്കുളങ്ങര ദേശം, വെളിയന്നൂർ, പാട്ടുരായ്ക്കൽ എന്നീ ഒൻപത് സംഘങ്ങളാണ് പങ്കെടുക്കുന്നത്. പുലികളിയോടനുബന്ധിച്ച് തൃശൂർ താലൂക് പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

രണ്ടുമണിമുതൽ നഗരത്തിലും പരിസരത്തും കടുത്ത ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പുലികളിയുടെ തൃശ്ശൂരിലെ ഓണാഘോഷങ്ങൾക്ക് സമാപനമാകുകയാണ്. മികച്ച പുലികളി സംഘത്തിന് ആകർഷകമായ സമ്മാനവും ഒരുക്കിയിട്ടുണ്ട്.








0 comments