നേപ്പാളിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു; അനങ്ങാതെ സതീശൻ സർക്കാർ

സ്വന്തം ലേഖകൻ
Published on Aug 29, 2026, 05:45 PM | 1 min read
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽപ്രളയത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിനായുള്ള സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഡൽഹിയിൽ നിശ്ചലം. തമിഴ്‌നാട് സർക്കാർ നാല് മന്ത്രിമാരെയുൾപ്പെടെ ഡൽഹിയിലെത്തിച്ച് പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുമ്പോൾ കേരളത്തിലെ യുഡിഎഫ് സർക്കാർ, ഉദ്യോഗസ്ഥ തലത്തിൽ പോലും രാജ്യതലസ്ഥാനത്ത് സജീവമാകുന്നില്ല.
തമിഴ്‌നാട്ടിൽ നിന്ന് ആദവ് അർജുനയുടെ നേതൃത്വത്തിലുള്ള മുതിർന്ന മന്ത്രിമാരുടെ സംഘമാണ് ഡൽഹിയിലെത്തിയത്. ഇവർ തമിഴ്‌നാട്ടിൽ നിന്ന് കാണാതായവരെ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുമായി പ്രത്യേകം ചർച്ച ചെയ്തു.
അതേസമയം, കേരളാ ഹൗസിലെ ഓണസദ്യയും ആഘോഷവും കഴിഞ്ഞ് മടങ്ങിപ്പോയ യുഡിഎഫ് മന്ത്രിമാർ ഇൗ പ്രതിസന്ധി ഘട്ടത്തിലും കേരളത്തിൽ തുടരുകയാണ്. തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനുൾപ്പെടെ നൂറുതവണ ഡൽഹിയിൽ വന്ന് പോകുന്ന കോൺഗ്രസ് നേതാക്കളായ മന്ത്രിമാർ നിർണായക ഘട്ടത്തിൽ രാജ്യതലസ്ഥാനത്തോട് അകലം പാലിക്കുന്നു.
മുൻവർഷങ്ങളിൽ, ഇത്തരം പ്രതിസന്ധികളുണ്ടായപ്പോളെല്ലാം കേരളാ ഹൗസ് വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. ഇൗ വർഷം ഫെബ്രുവരിയിൽ യുഎസ്, ഇസ്രയേൽ രാജ്യങ്ങൾ ചേർന്ന് ഇറാനെ ആക്രമിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നിർദേശ പ്രകാരം കേരളാ ഹൗസിൽ കൺട്രോർ റൂം തുറന്നു. എന്നാൽ, വളരെ അടുത്തുള്ള നേപ്പാളിൽ നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിട്ടും മുഖ്യമന്ത്രി വി ഡി സതീശന്റെ കീഴിലുള്ള പൊതുഭരണവകുപ്പിന്റെ മേൽനോട്ടത്തിലുള്ള കേരള ഹൗസ് ഉണർന്നിട്ടില്ല.
ഡൽഹിയിലെ നോർക്ക ഓഫീസിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമല്ല. കേരളാ ഹൗസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഓഫീസിൽ ആകെ ഒരുദ്യോഗസ്ഥൻ മാത്രമാണുള്ളത്. നിലവിലെ സ്ഥിതിയുടെ ഗൗരവസ്വഭാവം കണക്കിലെടുത്ത് കൂടുതൽ ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക് അയക്കാനോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനോ നോർക്ക തയ്യാറായിട്ടില്ല. ഡൽഹിയിൽ നിന്ന് കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ആവശ്യമില്ലല്ലോ എന്ന നിലപാടിലാണ് നോർക്കയും സർക്കാരുമുള്ളത്. അതേസമയം, കേരളാ ഹൗസ് കോൺഫറൻസ് ഹാളിൽ ശനിയാഴ്‌ച വൈകിട്ട് 5.45ന് ‘നോർക്ക കെയർ പ്ലസ് പ്രവാസിസംഗമം’ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് സർക്കാരുള്ളത്. മുസ്ലിം ലീഗ് എംപി ഹാരിസ് ബീരാനാണ് ഉദ്‌ഘാടകൻ.








0 comments