ad
Deshabhimani

ട്രെയിൻ യാത്രക്കിടെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 1000 രൂപ വരെ പിഴ, വിജ്ഞാപനം പുറത്തിറക്കി റെയിൽവേ

special train

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 29, 2026, 05:09 PM | 1 min read

ന്യൂഡൽഹി: തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ശുചിത്വചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ ഇനി മുതൽ ഫൈൻ ചില്ലറയിലൊതുങ്ങില്ല. പുതിയ നിയമപ്രകാരം നിയമലംഘനം നടത്തുന്ന യാത്രക്കാരിൽ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ 500 രൂപയാണ് ഈടാക്കിയിരുന്നത്.


റെയിൽവേ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത ഇന്ത്യൻ റെയിൽവേ ഭേദഗതി ചട്ടങ്ങൾ 2026 അനുസരിച്ചാണ് പുതിയ നടപടി. പിഴയൊടുക്കാൻ തയ്യാറാകാത്ത പക്ഷം കോടതിയുടെ വിചാരണ നേരിടേണ്ടിവരുകയും, അവിടെ 2000 രൂപ വരെ പിഴ ലഭിക്കുകയും ചെയ്യാം. സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കൊമേഴ്ഷ്യൽ ഡിപ്പാർട്ട്മെൻറിലെ ടിക്കറ്റ് കലക്ടർമാർ എന്നിവർക്കാണ് പിഴ ഈടാക്കാനുള്ള അധികാരം.


റെയിൽവേ പരിസരങ്ങളിലോ ട്രെയിനുകൾക്കുള്ളിലോ കൃത്യമായ സംവിധാനങ്ങളില്ലാത്ത സാഹചര്യങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുക, പാചകം ചെയ്യുക, കുളിക്കുക, തുപ്പുക, മൂത്രമൊഴിക്കുക, മലവിസർജ്ജനം നടത്തുക, മൃഗങ്ങൾക്കോ പക്ഷികൾക്കോ തീറ്റ നൽകുക, വാഹനങ്ങൾ കഴുകുക, പാത്രങ്ങളോ തുണികളോ അലക്കുക, വസ്തുക്കൾ സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്താൽ ഈ പിഴ ലഭിക്കാം.


കൂടാതെ, അനുമതിയില്ലാതെ ട്രെയിൻ കോച്ചുകളിലോ റെയിൽവേ സ്വത്തുക്കളിലോ പോസ്റ്ററുകൾ ഒട്ടിക്കുകയോ എഴുതുകയോ വരയ്ക്കുകയോ ചെയ്യുന്നതും നിയമലംഘനത്തിൻറെ പരിധിയിൽ വരും. അംഗീകൃത വെണ്ടർമാർ മാലിന്യങ്ങൾ ശേഖരിക്കാൻ ഡസ്റ്റ് ബിന്നുകൾ വെക്കണമെന്നും നിർദേശമുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home