ഹിമപാതത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ; ദുരന്തത്തിന്റെ പ്രഭവകേന്ദ്രം തന്നെയെന്ന് റിപ്പോർട്ട്

സിൻഹുവ വാർത്താ ഏജൻസി പുറത്തുവിട്ട ഹിമപാതത്തിന്റെ ദൃശ്യത്തിൽനിന്ന്
കാഠ്മണ്ഡു: നേപ്പാൾ - ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽപ്രളയത്തിന് കാരണമായ ഹിമപാതത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയുടെ അതിർത്തി പ്രദേശമായ ഗ്യോറോങ് കൗണ്ടിയിലെ പർവത ഭൂപ്രകൃതി ചിത്രീകരിക്കുകയായിരുന്ന വിനോദസഞ്ചാരി പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്യോറോങ് തുറമുഖത്തുണ്ടായ ഉരുൾപൊട്ടലിലേക്ക് നയിച്ച സംഭവവികാസങ്ങൾക്ക് കാരണമായത് ഈ ഹിമാനി തകർച്ചയാണെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വീഡിയോയിൽ കാണുന്ന സ്ഥലം ദുരന്തത്തിന്റെ ഉറവിടമായി നേരത്തെ അടയാളപ്പെടുത്തിയ അതേ മേഖല തന്നെയാണെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൻ ഹസാർഡ്സ് ആൻഡ് എൻവയോൺമെന്റിന്റെ ഡയറക്ടർ കാങ് ഷിച്ചാങ് പറഞ്ഞു. നേപ്പാൾ-ചൈന അതിർത്തിയുടെ ഇരുവശങ്ങളിലും ദുരന്തം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ആഗസ്ത് 26നാണ് നേപ്പാളിനെ പിടിച്ചുലച്ച മിന്നൽപ്രളയമുണ്ടായത്. പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 600 കടന്നു. 2,400ഓളം പേരെ കാണാതായി. ടിബറ്റ് മേഖലയിൽ 5 മരണങ്ങൾ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചതോടെ ദുരന്തത്തിൽ ആകെ മരണസംഖ്യ 584 ആയി.
ബെത്രാവതിക്ക് സമീപം എൽപിജി സിലിണ്ടറുകൾ, ഡ്രമ്മുകൾ, ചെരുപ്പുകൾ തുടങ്ങി വലിയ തോതിലുള്ള അവശിഷ്ടങ്ങളാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. നേപ്പാൾ പൊലീസും ദുരന്തനിവാരണ സേനകളും തീവ്രമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.









0 comments