കൽമേഗി ചുഴലിക്കാറ്റ് വിതച്ച ദുരന്തം; ഫിലിപ്പീൻസിൽ മാത്രം 205 പേർ മരിച്ചതായി കണക്കുകൾ

മനില: ആഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റിൽ ഫിലിപ്പീൻസിൽ മാത്രം 205 പേർ മരിച്ചതായുള്ള കണക്കുകൾ പുറത്ത്. 130ൽ അധികം ആൾക്കാരെയാണ് ഇവിടെ കാണാതായത്. നാലര ലക്ഷം പേരെ ഷെൽട്ടറുകളിലേക്ക് മാറ്റി. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലുമാണ് മരണങ്ങൾ ഏറെയും.
വിയറ്റ്നാമിലും കൽമേഗി ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയാണ്. പേമാരിയിൽ വിയറ്റ്നാമിൽ 5 പേർ മരിച്ചു. രാജ്യത്തിന്റെ മധ്യ പ്രവിശ്യകളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഡാക് ലാക്കിൽ മൂന്ന് പേരും ഗിയ ലായ് പ്രവിശ്യകളിൽ രണ്ട് പേരുമാണ് മരിച്ചത്. ക്വാങ് എൻഗായിയിൽ മൂന്ന് പേരെ കാണാതായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് പേർക്ക് പരിക്കേറ്റു.

അമ്പതിലധികം വീടുകൾ തകർന്നു. 2,600 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മേൽക്കൂരകൾ പറന്നുപോകുകയും ചെയ്തു. ഗിയ ലായിൽ മാത്രം 2,400ൽ അധികം വീടുകൾക്കാണ് കേടുപാടുണ്ടായത്. 1.6 ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി തടസപ്പെട്ടു.
മധ്യ വിയറ്റ്നാമിലെ ഗിയ ലായ് പ്രവിശ്യയുടെ വടക്ക് ഭാഗത്താണ് കൽമേഗി ചുഴലിക്കാറ്റ് ഇന്നലെ കരകയറിയത്. വെള്ളിയാഴ്ച കൽമേഗി ഉഷ്ണമേഖലാ കൊടുങ്കാറ്റായി ദുർബലമാവുകയും കംബോഡിയയിലേക്ക് നീങ്ങുകയും ചെയ്തു. വിയറ്റ്നാമിലെ പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾ നിലംപൊത്തി. ബിൻ ധിൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ ഫാക്ടറികളിൽ വെള്ളം കയറിയതോടെ ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും നശിച്ചു. വീടുകളിലാകെ ചെളിയും മാലിന്യങ്ങളും നിറഞ്ഞു.
വിയറ്റ്നാമിന്റെ മധ്യമേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം തുടരുന്നതിനിടെയാണ് കൽമേഗി ചുഴലിക്കാറ്റ് നാശം വിതച്ചത്. വെള്ളപ്പൊക്കം ഉയരുകയും മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തതിനാൽ 5 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. ക്വാങ് എൻഗായി പ്രവിശ്യയിലെ ലൈ സോൺ ദ്വീപിന് സമീപം ശക്തമായ തിരമാലകളിൽ പെട്ട് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായതായി റിപ്പോർട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ തിരച്ചിൽ പിന്നീട് നിർത്തിവച്ചു.
സെപ്തംബർ അവസാനം ടൈഫൂൺ റഗാസ വിയറ്റ്നാമിൽ നാശം വിതച്ചിരുന്നു. തുടർന്ന് ടൈഫൂൺ ബുവാലോയ്, ടൈഫൂൺ മാറ്റ്മോ എന്നിവയും വിയറ്റ്നാമിൽ ആഞ്ഞടിച്ചു. 85 പേർ കൊല്ലപ്പെട്ടു. ഏകദേശം 1.36 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് വിയറ്റ്നാമിലുണ്ടായത്.








0 comments