കൽമേഗി ചുഴലിക്കാറ്റ്; ഫിലിപ്പീൻസിൽ മരണം 50 കടന്നു, കനത്ത നാശനഷ്ടങ്ങൾ

typhoon kalamegi
വെബ് ഡെസ്ക്

Published on Nov 05, 2025, 09:14 AM | 2 min read

മനില : ഫിലിപ്പീൻസിൽ വീശിയടിച്ച കൽമേഗി ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 59 പേർ മരിച്ചതായാണ് വിവരം. 66 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെല്ലാം രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. 13 പേരെ കാണാതായതായി ദുരന്തനിവാരണ ഏജൻസി റിപ്പോർട്ട് ചെയ്തു.


മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ച കൽമേഗി ചുഴലിക്കാറ്റ് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങുന്നതിനിടെ പലാവാൻ ദ്വീപിലും ആഞ്ഞടിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. മരിച്ചവരിൽ ആറ് സൈനികരും ഉൾപ്പെടുന്നു. ദുരിതബാധിത പ്രവിശ്യകളിൽ മാനുഷിക സഹായം നൽകുന്നതിനായി പോകുന്നതിനിടെ, തെക്കൻ അഗുസാൻ ഡെൽ സുർ പ്രവിശ്യയിലാണ് അഞ്ച് ഉദ്യോഗസ്ഥരുമായി പോയിരുന്ന ഫിലിപ്പൈൻ വ്യോമസേന ഹെലികോപ്റ്റർ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും മരിച്ചു.


മധ്യ ഫിലിപ്പീൻസ് പ്രവിശ്യയായ സെബുവിലാണ് മിക്ക മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബെർണാഡോ റാഫലിറ്റോ അലജാൻഡ്രോ പറ‍ഞ്ഞു. ഫിലിപ്പിൻസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സെബു. വടക്കൻ സെബുവിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 79 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് പ്രാദേശികമായി ടിനോ ​​എന്നറിയപ്പെടുന്ന കൽമേഗിയിൽ നിന്നുള്ള നാശം ഉണ്ടായത്. ചുഴലിക്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നദികൾ കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന് കാരണമായി. 2.4 ദശലക്ഷത്തിലധികമാണ് സെബുവിലെ ജനസംഖ്യ. ഭൂകമ്പത്തിൽ വീടുകൾ തകർന്നതോടെ ഭൂരിഭാ​ഗവും താൽക്കാലിക ഷെൽട്ടറുകളിലാണ് കഴിഞ്ഞിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.


typhoon kalamegi


ചൊവ്വാഴ്ച പുലർച്ചെ കരയിലേക്ക് കടന്നതിനുശേഷം ദുർബലമായ കൽമേഗി, ദക്ഷിണ ചൈനാ കടലിന് മുകളിൽ എത്തുമ്പോൾ ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും പുതിയ ബുള്ളറ്റിനിൽ അറിയിച്ചു. മണിക്കൂറിൽ 180 കിലോമീറ്റർ (112 മൈൽ) വേഗതയിലാണ് കാറ്റുവീശിയത്.


തെക്കൻ ലുസോണിന്റെയും വടക്കൻ മിൻഡാനാവോയുടെയും ചില ഭാഗങ്ങൾ ഉൾപ്പെടെ വിസയാസ് മേഖലയിലുടനീളം 2 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. പല മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമായി. വീടുകൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ നിരവധി പേർ വീടിന്റെ മേൽക്കൂരകളിൽ കുടുങ്ങി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വൈദ്യുതി പൂർണമായി തടസപ്പെട്ടു. പടിഞ്ഞാറൻ ദ്വീപ് പ്രവിശ്യയായ പലാവനിലെ ലിനാപാക്കാന് മുകളിലാണ് ബുധനാഴ്ച പുലർച്ചെ കൽമേഗി വീശിയത്. ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങുന്ന കൽമേ​ഗി വെള്ളിയാഴ്ച വിയറ്റ്നാം തീരം തൊടുമെന്നാണ് കരുതുന്നത്.


ഈ വർഷം ഫിലിപ്പൈൻ ദ്വീപസമൂഹത്തിൽ നാശം വിതച്ച ഇരുപതാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് കൽമേഗി. 2013 നവംബറിൽ ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളിലൊന്നായ ടൈഫൂൺ ഹയാൻ മധ്യ ഫിലിപ്പീൻസിൽ ആഞ്ഞടിച്ചിരുന്നു. 7,300 ൽ അധികം പേർ മരിച്ചു. ഏകദേശം 1 ദശലക്ഷം വീടുകൾ തകർന്നു. 4 ദശലക്ഷത്തിലധികം ആളുകളെയാണ് അന്ന് മാറ്റിപ്പാർപ്പിച്ചത്. കൽമേ​ഗി ചുഴലിക്കാറ്റ് കരയിലേക്ക് കയറുന്നതിമുമ്പ്, കിഴക്കൻ, മധ്യ ഫിലിപ്പീൻസ് പ്രവിശ്യകളിലെ 387,000 ൽ അധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.


ഇന്റർഐലാൻഡ് ഫെറികളും മത്സ്യബന്ധന ബോട്ടുകളും കടലിലേക്ക് പോകുന്നത് നിരോധിച്ചു. 100 തുറമുഖങ്ങളിലായി 3,500-ലധികം യാത്രക്കാരും ചരക്ക് ട്രക്ക് ഡ്രൈവർമാരും കുടുങ്ങിയതായി തീരസംരക്ഷണ സേന അറിയിച്ചു. 186 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. കൊടുങ്കാറ്റിനു പുറമെ ഭൂകമ്പവും നിരന്തരമായി ഫിലിപ്പീൻസിനെ തകർക്കുന്നു. ഒരു ഡസനിലധികം സജീവ അഗ്നിപർവ്വതങ്ങളും ഫിലിപ്പീൻസിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home