ad
Deshabhimani

ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനും

Landslide

Photo:AFP

വെബ് ഡെസ്ക്

Published on Jul 10, 2026, 03:48 PM | 1 min read

മനില/തായ്‌പേയ് : ഫിലിപ്പീൻസിലും തായ്‌വാനിലും ജപ്പാനിലും കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ച് അതിശക്തമായ ചുഴലിക്കാറ്റായ 'ബാവി' ചൈന ലക്ഷ്യമാക്കി നീങ്ങുന്നു. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഫിലിപ്പീൻസിൽ 15 പേർ മരിച്ചു. ആറ് പേരെ കാണാതായി. തായ്‌വാനിൽ 5000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തായ്‌വാന്റെ വടക്കൻ, കിഴക്കൻ മേഖലകളിലും ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ദ്വീപുകളിലും കാറ്റ് ശക്തമായി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.


ഫിലിപ്പീൻസിന്റെ തെക്കൻ ദ്വീപായ മിൻഡനാവോയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇവിടെ പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ രണ്ട് ഉരുൾപൊട്ടലുകളിലാണ് 15 ജീവനുകൾ നഷ്ടമായത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള തായ്‌വാന്റെ തുറമുഖ നഗരമായ കീലൂംഗിൽ ജനങ്ങൾ കടുത്ത ജാഗ്രതയിലാണ്. കടകളിൽ മണൽച്ചാക്കുകൾ നിരത്തിയും ജനലുകൾ ടേപ്പ് ചെയ്ത് സുരക്ഷിതമാക്കിയും ജനങ്ങൾ മുൻകരുതലെടുക്കുന്നുണ്ട്. സൂപ്പർ ചുഴലിക്കാറ്റായി ഗുവാം, നോർത്തേൺ മരിയാനസ് ദ്വീപുകളിൽ ആഞ്ഞടിച്ച ശേഷമാണ് 'ബാവി' തായ്‌വാൻ തീരത്തേക്ക് എത്തിയത്.


തായ്‌പേയ്, ന്യൂ തായ്‌പേയ്, കീലൂംഗ്, യിലാൻ എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതയ്ക്കുക. വടക്കൻ-മധ്യ തായ്‌വാനിലെ മലയോര മേഖലകളിൽ ഒരു മീറ്ററോളം മഴ പെയ്യുമെന്നാണ് പ്രവചനം. നിലവിൽ മലയോര മേഖലയായ ഹുവാലിയനിൽ നിന്നാണ് കൂടുതൽ ആളുകളെ ഒഴിപ്പിച്ചിട്ടുള്ളത്. ഇവിടെയുള്ള രണ്ട് താൽക്കാലിക അണക്കെട്ടുകൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. കനത്ത ജാഗ്രത പാലിക്കാൻ തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-ടെ ജനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 28,000ത്തിലധികം സൈനികരെ സജ്ജമാക്കിയിട്ടുണ്ട്.


ജപ്പാനിലെ സകാഷിമ ദ്വീപുകളിലും സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. കനത്ത തിരമാലകൾക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ കടൽത്തീരങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശമുണ്ട്. തായ്‌വാൻ തീരം കടന്ന് ഈ വാരാന്ത്യത്തോടെ 'ബാവി' കിഴക്കൻ ചൈനയിൽ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ചൈനയിൽ ഈ ആഴ്ചയുണ്ടായ കനത്ത കൊടുങ്കാറ്റിൽ 39 പേർ മരണപ്പെട്ടിരുന്നു. ആഗോളതാപനവും എൽ നിനോ പ്രതിഭാസവും കാരണം സമുദ്രോപരിതലത്തിലെ താപനില വർധിക്കുന്നതാണ് ചുഴലിക്കാറ്റുകൾ ഇത്രയും ശക്തമാകാൻ കാരണമെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് മറൈൻ സർവീസ് ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home