ad
Deshabhimani

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' : 2029ൽ നടപ്പിലാക്കിയേക്കുമെന്ന് സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷൻ

one nation one election

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 10, 2026, 04:12 PM | 1 min read

പനാജി : 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം 2029ൽ നടപ്പിലാക്കിയേക്കുമെന്ന് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷൻ. ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും സമിതി അധ്യക്ഷൻ പി പി ചൗധരി പറഞ്ഞു. ഗോവയിൽ നടന്ന പാനലിന്റെ ദ്വിദിന യോഗത്തിനിടെ മാധ്യമപ്രവർത്തകരോടാണ് വിവരം പങ്കുവച്ചത്. ഇതുവരെ കൂടിയാലോചിച്ചതിൽ ഏകദേശം 99 ശതമാനം പേരും ഈ നിർദ്ദേശത്തെ പിന്തുണച്ചിട്ടുണ്ടെന്ന് പി പി ചൗധരി അവകാശപ്പെട്ടു. അടിക്കടിയുള്ള തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന ഏകദേശം 7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം തടയുക എന്നതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്നും അധ്യക്ഷൻ വാദിച്ചു. വ്യത്യസ്ത മാർ​ഗങ്ങൾ പഠിച്ച് എല്ലാ രാഷ്ട്രീയ പാർടികൾക്കും സ്വീകാര്യമായ സംവിധാനം നിർമിക്കാൻ ശ്രമിക്കുകയാണെന്നും ജെപിസി പറഞ്ഞു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും മന്ത്രിസഭാംഗങ്ങളുമായും 2024 ലെ ഭരണഘടന (129-ാം ഭേദഗതി) ബില്ലിനെക്കുറിച്ച് പാർലമെന്ററി സമിതി ചർച്ചകൾ ആരംഭിച്ചു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെ ഭരണഘടനാ വിദഗ്ധർ, സിവിൽ സൊസൈറ്റി സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുമായി ആശയവിനിമയം നടത്തിയതായും ജെപിസി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും മുഖ്യമന്ത്രിമാരും സമ്മതിച്ചാൽ ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ 2029ന് മുമ്പുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ഏകോപിപ്പിക്കാനാകുമെന്നും ചൗധരി പറഞ്ഞു.


ആർഎസ്എസിന്റെ സുപ്രധാന അജൻഡയായ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നേടാനുള്ള ബിൽ 2024 ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. പിന്നാലെ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടുകയായിരുന്നു. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമടക്കം 39 പേരാണ് സംയുക്ത പാർലമെന്ററി സമിതിയിലുള്ളത്. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് ധാരാളം പണം ലാഭിക്കുമെന്നും വികസന പ്രവർത്തനങ്ങൾ ഇടയ്ക്കിടെ തടസപ്പെടുന്നത് തടയുമെന്നുമാണ്‌ ആർഎസ്എസ്- ബിജെപി കേന്ദ്രസർക്കാർ വാദിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home