ad
Deshabhimani

സിം​ഗപ്പൂരിൽ ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു; രണ്ട് ഇന്ത്യക്കാർക്ക് അഞ്ച് വർഷം തടവും 12 അടിയും

singapore
വെബ് ഡെസ്ക്

Published on Oct 04, 2025, 05:12 PM | 1 min read

സിംഗപ്പൂർ: ഹോട്ടൽ മുറികളിൽ വെച്ച് ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ച കേസിൽ സിംഗപ്പൂരിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ കോടതി ശിക്ഷ വിധിച്ചു. അഞ്ച് വർഷവും ഒരു മാസവും തടവും 12 അടിയുമാണ് ശിക്ഷ. ആരോഗ്യ സാമി ഡെയ്‌സൺ (23), രാജേന്ദ്രൻ മയിലരശൻ (27) എന്നിവരാണ് പ്രതികൾ. അവധി ആഘോഷിക്കാൻ സിം​ഗപ്പൂരിലെത്തിയതായിരുന്നു ഇവർ.


കഴിഞ്ഞ വർഷം ഏപ്രിൽ 24-നാണ് ഇരുവരും ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം 'ലിറ്റിൽ ഇന്ത്യ' ഏരിയയിൽ വെച്ച് ലൈംഗിക തൊഴിലാളികളെ ബന്ധപ്പെടാനുള്ള നമ്പർ ലഭിച്ചതിനെ തുടർന്ന് ഇവർ കൊള്ളയടിക്കാൻ പദ്ധതിയിട്ടു. പണത്തിന് അത്യാവശ്യമുണ്ടെന്നും, സ്ത്രീകളെ ഹോട്ടൽ മുറിയിൽ വിളിച്ച് കൊള്ളയടിക്കാമെന്നും ആരോഗ്യ സാമിസാമി രാജേന്ദ്രനോട് പറയുകയായിരുന്നു.


ആദ്യം ഒരു സ്ത്രീയുമായി ഹോട്ടൽ മുറിയിൽ കൂടിക്കാഴ്ച നിശ്ചയിച്ചു. മുറിയിൽ വെച്ച് ഇരയുടെ കൈകളും കാലുകളും തുണികൊണ്ട് കെട്ടിയിടുകയും മർദിക്കുകയും ചെയ്തു. ഇവരിൽ നിന്ന് 2,000 സിംഗപ്പൂർ ഡോളറും (ഏകദേശം 1.25 ലക്ഷം ഇന്ത്യൻ രൂപ), ആഭരണങ്ങൾ, പാസ്‌പോർട്ട്, ബാങ്ക് കാർഡുകൾ എന്നിവയും കവർന്നു.


അന്നു രാത്രി തന്നെ രണ്ടാമത്തെ സ്ത്രീയുമായി മറ്റൊരു ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചു. ഇവർ മുറിയിലെത്തിയപ്പോൾ കൈകളിൽ പിടിച്ച് വലിച്ചിഴച്ച് കവർച്ച നടത്തുകയായിരുന്നു. നിലവിളിക്കാതിരിക്കാൻ വായ്‌ പൊത്തിപ്പിടിക്കുകയും ചെയ്തു. ഇവരിൽ നിന്ന് 800 സിംഗപ്പൂർ ഡോളറും (ഏകദേശം 50,000 ഇന്ത്യൻ രൂപ), രണ്ട് മൊബൈൽ ഫോണുകളും പാസ്‌പോർട്ടും കവർന്നു. തിരിച്ചു വരുന്നതുവരെ മുറിയിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


അടുത്ത ദിവസം രണ്ടാമത്തെ സ്ത്രീ മറ്റൊരാളോട് വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്. കോടതിയിൽ ഇരു പ്രതികളും തങ്ങൾക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകനില്ലാതിരുന്നതിനാൽ, ശിക്ഷയിൽ ഇളവ് നൽകണമെന്ന് ജഡ്ജിയോട് അപേക്ഷിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home