ad
Deshabhimani

ലാൻഡിങ്ങിനിടെ ടർക്കിഷ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, വീഡിയോ

 ടർക്കിഷ് എയർലൈൻസ് വിമാനം (Photo: @thesouthasiatim/x)

ടർക്കിഷ് എയർലൈൻസ് വിമാനം (Photo: @thesouthasiatim/x)

വെബ് ഡെസ്ക്

Published on May 11, 2026, 12:01 PM | 1 min read

കഠ്മണ്ഡു∙ കഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ വലതുവശത്തെ ടയറുകൾക്ക് തീപിടിച്ചു. ഇസ്താംബുളിൽ നിന്ന് 278 യാത്രക്കാരും 11 ജീവനക്കാരുമായി എത്തിയ വിമാനത്തിന്റെ വലതുവശത്തെ ടയറുകൾക്കാണ് റൺവേയിൽ തൊട്ടയുടൻ തീപിടിച്ചത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ നിന്ന് വലിയ തോതിൽ പുകയും തീയും ഉയരുന്നത് കണ്ടതോടെ വിമാനത്താവളത്തിൽ പരിഭ്രാന്തി പരന്നു.


തുടർന്ന് വിമാനത്തിലെ അടിയന്തര വാതിലുകൾ വഴി യാത്രക്കാരെ അതിവേഗം പുറത്തെത്തിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സുരക്ഷാ ചുമതലയുള്ള എസ്പി രാജ്കുമാർ സിലാവൽ സ്ഥിരീകരിച്ചു.


സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിമാനത്തിന്റെ ചക്രങ്ങൾക്കിടയിൽ നിന്ന് കനത്ത പുക ഉയരുന്നത് വ്യക്തമാണ്. ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിമാനത്താവള അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


നേരത്തെ 2015-ലും ടർക്കിഷ് എയർലൈൻസിന്റെ വിമാനം ഇതേ വിമാനത്താവളത്തിൽ സമാനമായ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതിനെത്തുടർന്ന് നാല് ദിവസത്തോളം വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. നിലവിലെ അപകടത്തെക്കുറിച്ച് വിമാനക്കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home