സിനിമ മേഖലയിലെ ട്രംപിന്റെ പ്രതികാരച്ചുങ്കം 'അസംബന്ധം': ഹോളിവുഡ് ആശങ്കയിൽ

trump
വെബ് ഡെസ്ക്

Published on May 06, 2025, 09:33 AM | 1 min read

വാഷിംഗ്ടൺ: ട്രംപിന്റെ പ്രതികാരച്ചുങ്കം സിനിമാ മേഖലയിലും കൈകടത്തി. വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തിയ പ്രഖ്യാപനമാണ് അടുത്തിടെ ട്രംപ് നടത്തിയത്. എന്നാൽ ആ തീരുമാനം ഉചിതമാകുമോ എന്ന് ഹോളിവുഡ് സംശയം പ്രകടിപ്പിച്ചു. സിനിമ വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ കഴിയാത്ത ഒരു പ്രസിഡന്റ് പെട്ടെന്ന് ഉണ്ടാക്കിയ നയമാണിതെന്ന് സിനിമാ മേഖലയിലെ വിദഗ്ധർ പ്രതികരിച്ചു.


ചലച്ചിത്ര നിർമ്മാണം യുഎസിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാൻ നടൻ ജോൺ വോയിറ്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് തീരുവ പ്രഖ്യാപനം നടത്തിയത്. സിനിമ, ടെലിവിഷൻ പ്രൊഡക്ഷനുകളെ യുഎസിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതി വികസിപ്പിക്കുന്നതിനായി മാസങ്ങളായി സ്റ്റുഡിയോകൾ, സ്ട്രീമർമാർ, യൂണിയനുകൾ, ഗിൽഡുകൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിവരികയാണ് ജോൺ വോയിറ്റ്.


അമേരിക്കയിലെ ചലച്ചിത്രവ്യവസായം വളരെ വേഗത്തിൽ മരണത്തിലേക്ക് നീങ്ങുകയാണെന്നും ചലച്ചിത്ര നിർമാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽനിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കുകയാണെന്നും ട്രംപ്‌ ആരോപിച്ചു. ദേശീയ സുരക്ഷാ ഭീഷണിയായാണ് ഇതിനെ കാണുന്നതെന്നും ട്രംപ് പറഞ്ഞു.


"ഇതിൽ അർത്ഥമില്ല, തികച്ചും അസംബന്ധമാണ്" എന്നാണ് ട്രംപിന്റെ ആശയത്തെക്കുറിച്ച് വിനോദ അഭിഭാഷകൻ ജോനാഥൻ ഹാൻഡൽ പ്രതികരിച്ചത്. വർഷങ്ങളായി സിനിമകൾ നിർമ്മിക്കുന്ന രീതിയെ തകിടം മറിക്കുന്ന ഒരു സ്ഫോടനാത്മക നിർദ്ദേശമാണിതെന്ന് ഹോളിവുഡ് എക്സിക്യൂട്ടീവുകൾ പറഞ്ഞു. സിനിമ മേഖലയിലുള്ളവരിൽ തീരുവ പ്രഖ്യാപനം ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, വിദേശത്ത് സിനിമകൾ നിർമ്മിക്കുന്ന അമേരിക്കൻ നിർമാണ കമ്പനികളെയാണോ അതോ വിദേശ സിനിമാ കമ്പനികളെയാണോ ട്രംപിന്റെ പ്രഖ്യാപനം ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല.


കാനഡ, ബ്രിട്ടൻ, ബൾഗേറിയ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് സ്റ്റുഡിയോകൾ നിലവിൽ നിരവധി ഫീച്ചർ സിനിമകൾ നിർമിക്കുന്നത്. ആ രാജ്യങ്ങൾ നൽകുന്ന പ്രോത്സാഹനങ്ങളും വലിയ വിപണി സാധ്യതയുമാണ് അമേരിക്കയ്ക്ക് പുറത്തുള്ള സിനമ നിർമാണത്തിന് സ്റ്റുഡിയോകളെ പ്രേരിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home