ad
Deshabhimani

ട്രംപ്-ഷീ കൂടിക്കാഴ്ച; ഇറാൻ യുദ്ധവും വ്യാപാരവും പ്രധാന വിഷയങ്ങൾ, പുതിയ ആണവ കൂട്ടായ്മയും അജണ്ടയിൽ

Trump Xi
വെബ് ഡെസ്ക്

Published on May 14, 2026, 02:22 PM | 2 min read

ബീജിങ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനാ സന്ദർശനത്തിലെ ഏറ്റവും നിർണ്ണായകമായ ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് ബീജിങ്ങിൽ തുടക്കമാകും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ട്രംപ് നടത്തുന്ന കൂടിക്കാഴ്ചയിൽ ഇറാൻ യുദ്ധം, തായ്‌വാൻ വിഷയം, വ്യാപാര തർക്കങ്ങൾ എന്നിവയാകും പ്രധാനമായും ചർച്ച ചെയ്യപ്പെടുക.


അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു ത്രിമുഖ ആണവായുധ നിയന്ത്രണ കരാർ (Three-way nuclear arms deal) കൂടി ട്രംപിന്റെ അജണ്ടയിലുണ്ട്. എന്നാൽ ഇതിനോട് ചൈന ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.


ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈന, ഇറാനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടേക്കും. എന്നാൽ ഇക്കാര്യത്തിൽ ചൈനയുടെ നിലപാട് നിർണ്ണായകമാണ്.


ചർച്ചകൾ സൗഹൃദപരമായിരിക്കുമെങ്കിലും ഇറാൻ, തായ്‌വാൻ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിൽ പെട്ടെന്നൊരു മാറ്റം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അമേരിക്കയിൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പും നിലവിലെ ആഭ്യന്തര പണപ്പെരുപ്പവും ട്രംപിന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.


തായ്‌വാന് 11 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനം ചൈനയെ പ്രകോപിപ്പിക്കുന്നതാണ്. സെമികണ്ടക്ടർ നിർമ്മാണത്തിൽ ലോകത്തെ മുൻനിരയിലുള്ള തായ്‌വാന്റെ കാര്യത്തിൽ ട്രംപ് എന്ത് നിലപാട് സ്വീകരിക്കും എന്നത് ലോകം ഉറ്റുനോക്കുന്നു. തായ്‌വാനുള്ള പിന്തുണ കുറയ്ക്കണമെന്ന് ചൈന ആവശ്യപ്പെടുമ്പോൾ, അമേരിക്കൻ ചിപ്പ് നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ട്രംപ്. യു എസ് അസംസ്കൃത സൂക്ഷ്മ ലോഹങ്ങൾക്കായി ആശ്രയിക്കുന്നത് തായ്‌വാനെയാണ്.


അമേരിക്കയിൽ നിന്നുള്ള സോയാബീൻ, ബീഫ്, വിമാനങ്ങൾ എന്നിവ ചൈന വാങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. കൂടാതെ, ചൈനയുമായുള്ള വാണിജ്യ തർക്കങ്ങൾ പരിഹരിക്കാൻ ഒരു 'ബോർഡ് ഓഫ് ട്രേഡ്' രൂപീകരിക്കാനും അമേരിക്ക ലക്ഷ്യമിടുന്നു. നിലവിലുള്ള വ്യാപാര ഉടമ്പടി നീട്ടുന്ന കാര്യത്തിലും ചർച്ചകൾ നടക്കും.


ബുധനാഴ്ച രാത്രി ബീജിങ്ങിലെത്തിയ ട്രംപിന് വൻ സ്വീകരണമാണ് ചൈന ഒരുക്കിയത്. അമേരിക്കൻ-ചൈനീസ് പതാകകൾ കൊണ്ട് അലങ്കരിച്ച വീഥികൾ മുറിച്ച് "ബീജിങ് വെൽക്കം" എന്ന് ചൈനീസ് ഭാഷയിൽ തെളിഞ്ഞുകത്തുന്ന ആകാശചുംബികളായ കെട്ടിടങ്ങൾക്ക് ഇടയിലൂടെയാണ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയത്. വ്യാഴാഴ്ച രാവിലെ ടിയാനൻമെൻ സ്‌ക്വയറിന് പടിഞ്ഞാറുള്ള ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ വെച്ച് ട്രംപിന് ഔദ്യോഗിക സ്വീകരണം നൽകും. 2017 ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈനയിൽ എത്തുന്നത്.


മന്ത്രിമാരും മകനും മരുമകനും


ടെക്നോളജി, പ്രതിരോധം, കൃഷി മേഖലകളിലെ പ്രമുഖരും ട്രംപിനൊപ്പമുണ്ട്. സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌ക്, എൻവിഡിയ സി.ഇ.ഒ ജെൻസൺ ഹുവാങ് എന്നിങ്ങനെയും മന്ത്രിമാരായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിങ്ങനെയും അംഗങ്ങളുണ്ട്. ട്രംപിന്റെ മകൻ എറിക് ട്രംപ്, മരുമകൾ ലാറ ട്രംപ് എന്നിവരും സംഘത്തിലുണ്ട്.


ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ട്രംപ് ചൈനയിലെ പ്രസിദ്ധമായ 'ടെമ്പിൾ ഓഫ് ഹെവൻ' സന്ദർശിക്കും. തുടർന്ന് ഇരു നേതാക്കളും ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ച ഷീ ജിൻപിങ്ങുമായി ട്രംപ് ഉച്ചഭക്ഷണ വേളയിലും ചർച്ചകൾ തുടരും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home