Deshabhimani

ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ, വെറും 10 മിനിറ്റിൽ തീര്‍ക്കും; സൈനിക‍രോടുള്ള ഖമനേയിയുടെ ആഹ്വാനത്തിന് പിന്നാലെ ട്രംപ്

Donald Trump; Mojtaba Khamenei
വെബ് ഡെസ്ക്

Published on Nov 01, 2026, 12:07 PM | 2 min read

വാഷിങ്ടൺ:ആക്രമണങ്ങൾക്ക് സന്നദ്ധമാവാൻ ഇറാന്റെ പരമോന്നത് നേതാവ് മുജ്തബ ഖമനേയിയുടെ സൈനികർക്കുള്ള മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി യു എസ് പ്രസിഡന്റ് ഡൊൺൾഡ് ട്രംപ്. ഇറാനിൽ ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ കൂടി ബാക്കിയുണ്ട്. അവ പത്തു മിനിറ്റിനകം തീര്‍ക്കും എന്നാണ് വാക്കുകൾ. ഫിബ്രവരി 28 ന് ഇസ്രയേലിനൊപ്പം ചേര്‍ന്ന് ആഴ്ചകൾക്കകം തീര്‍ക്കും എന്നു പറഞ്ഞ് തുടങ്ങിയ ആക്രമണമാണ്. യു എസ് ഇടക്കാല തെരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കാനിരിക്കെ വാക് പ്രയോഗങ്ങൾ തുടരുകയാണ്.


ഇതിനിടെ ഖത്തറും ചൈനയും തുര്‍ക്കിയും മധ്യസ്ഥ ശ്രമങ്ങൾ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇറാൻ മുന്നോട്ടു വെച്ച ഏഴിന സമാധാന നിര്‍ദ്ദേശങ്ങൾ യു എസ് തളളിയിരുന്നു. ഇതിന് ശേഷം നാല് ദിവസത്തിനകം നടപ്പാക്കാവുന്ന ഒരു പദ്ധതിയും പരസ്യപ്പെടുത്തി. ഇവയെല്ലാം തള്ളിയ യു എസ് ഇസ്രയേലുമായി ചേര്‍ന്ന് വീണ്ടും വലിയ ആക്രമണത്തിന് തയാറെടുക്കുന്നതായി പരസ്യപ്പെടുത്തി. വൻ സൈനിക സന്നാഹങ്ങളും ഒരുക്കി സമ്മര്‍ദ്ദം തീര്‍ത്തു. ഒടുവിലാണ് പത്ത് മിനിറ്റ് ലക്ഷ്യം എന്ന ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നത്. ഫ്ളോറിഡയിലെ സ്വന്തം വസതിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പ്രതികരണം. എന്നാൽ അടുത്തയാഴ്ച വലിയ സൈനിക നീക്കങ്ങൾക്ക് ഒരുങ്ങുന്നതായുള്ള വാര്‍ത്തകൾ ചൂണ്ടി കാണിച്ചപ്പോൾ ഉത്തരമില്ലാതെ ഒഴിഞ്ഞു.


യുഎസിലും ഇസ്രയേലിലും

ഭരണപരമായ അനിശ്ചിതത്വം


നവംബർ മൂന്നിലെ ഇടക്കാല തെര‍ഞ്ഞെടുപ്പ് ഡൊണൾഡ് ട്രംപിനും അദ്ദേഹം നയിക്കുന്ന റിപ്പബ്ലിക്കൻ പാർടിക്കും തിരിച്ചടിയാവും എന്ന റിപ്പോര്‍ടുകൾ ഉണ്ട്. യു എസ് കോൺഗ്രസിന്റെ ഏതെങ്കിലും തലത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഉയര്‍ന്നുവരാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധി അമേരിക്കയുടെ നിലവിലെ സ്ഥിതി രൂക്ഷമാക്കും എന്നാണ് വിലയിരുത്തലുകൾ. ഇതോടെ ഒരു വലിയ യുദ്ധം കൂടി ഏറ്റെടുക്കാൻ യു എസ് ഭരണകൂടം തയാറാകുമോ എന്ന ചോദ്യം നിലനിൽക്കുന്നു. ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ജനവിധി നഷ്ടമായ സാഹചര്യത്തിലുമാണ്.


ഇറാന്റെ നടാൻസ് ആണവനിലയത്തിന് സമീപമുള്ള ഭൂഗർഭ ആണവ സമുച്ചയമെന്ന് സംശയിക്കുന്ന "പിക്ആക്സ് മൗണ്ടൻ" ആണ് പ്രധാനമായും അടുത്ത ലക്ഷ്യമെന്ന് ട്രംപ് എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാൽ സമാധാന ഉടമ്പടികൾക്കായി ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മുന്നിൽ ആണവ നിലയങ്ങളുടെ അന്താരാഷ്ട്ര പരിശോധനകയ്ക്ക് ഇറാൻ സമ്മതിച്ചതായി റിപ്പോര്‍ടുകൾ ഉണ്ട്.


പുതിയൊരു യുദ്ധമുണ്ടായാൽ അത് അവസാനിപ്പിക്കുന്നതിനുള്ള സമയവും വ്യവസ്ഥകളും ഇറാൻ തന്നെയായിരിക്കും തീരുമാനിക്കുകയെന്നാണ് ഖമനേയി ഭീഷണി മുഴക്കിയത്. യു എസിന്റെയും ഇസ്രായേലിന്റെയും ഭൗതികവും അല്ലാത്തതുമായ എല്ലാ സ്വത്തുക്കളെയും ആക്രമണ പരിധിയിൽ കൊണ്ടുവരുന്ന തരത്തിൽ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുതുക്കാനും, സൈനിക ഇന്റലിജൻസും ആയുധ ഉൽപ്പാദനവും വർദ്ധിപ്പിക്കാനും ഇറാൻ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.


അതേസമയം ട്രംപ് ഭരണകൂടം നയതന്ത്ര ചർച്ചകൾക്കും വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാനെ വിശ്വസിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ട്രംപ് ഉള്ളത്. ട്രംപിന്റെ മലക്കം മറിച്ചിലുകൾ ചൂണ്ടികാട്ടി ഇതേ അവിശ്വാസം ഇറാനും ആവര്‍ത്തിക്കുന്നു.


Related News

നയതന്ത്ര ശ്രമങ്ങളിൽ

വീണ്ടും പ്രതീക്ഷ


യു എസ് ഉപരാഷ്ട്രപതി ജെ ഡി വാൻസ് അയച്ച കത്ത് ഇറാൻ ഉന്നതതല യോഗങ്ങളിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി സ്ഥിരീകരിച്ചു. തടഞ്ഞുവെച്ച ഇറാന്റെ സാമ്പത്തിക ഫണ്ടുകൾ (ഖത്തറിലുള്ള ഫണ്ടുകൾ ഉൾപ്പെടെ) വിട്ടുകൊടുക്കുക, ഉപരോധങ്ങൾ പിൻവലിക്കുക, മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുക തുടങ്ങിയ വ്യക്തമായ നിബന്ധനകൾ അംഗീകരിക്കപ്പെട്ടാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്ന നിലപാടിലാണ് ഇറാൻ മുന്നോട്ട് പോകുന്നത്.


ഖത്തറിന്റെയും പാകിസ്ഥാന്റെയും മാധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് പരോക്ഷ ചർച്ചകളിൽ വഴിതിരിവുണ്ടായതായും ഇവയ്ക്ക് തുടര്‍ച്ചയായി ഒരു അമേരിക്കൻ പ്രതിനിധി സംഘം ദോഹയിൽ നേരിട്ടുള്ള ചർച്ചകളിൽ പങ്കുചേരാൻ എത്തുമെന്നും ഖത്തർ മാധ്യമമായ അൽ-അറബി അൽ-ജദീദ് റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home