ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും ബോംബാക്രമണം; ഇറാന് ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ ഉടൻ ധാരണയിലെത്തിയില്ലെങ്കിൽ വീണ്ടും ശക്തമായ ബോംബാക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതിന് പിന്നാലെ രണ്ടാം ഘട്ടമാണ് ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ ഭീഷണി.
ഇറാൻ്റെ ആണവ പദ്ധതിയടക്കമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും 'മറ്റൊരു രൂപത്തിൽ' തങ്ങൾ ആണവ ശേഖരം കൈക്കലാക്കുമെന്നും ട്രംപ് പറഞ്ഞു. നിശ്ചിത സമയത്തിനകം കരാർ ഒപ്പിട്ടില്ലെങ്കിൽ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.
ഇറാനിയൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേലുള്ള ഉപരോധം കർശനമായി തുടരും. ഇറാൻ്റെ എണ്ണ കയറ്റുമതി പൂർണ്ണമായും തടയുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും, ഇറാൻ്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നുമാണ് ട്രംപിന്റെ വാദം.
അതേസമയം, ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുത്തതായി ഇറാൻ പ്രഖ്യാപിച്ചെങ്കിലും അമേരിക്കൻ ഉപരോധം തുടരുന്നുണ്ട്. എന്നാലും അമേരിക്കൻ ഉപരോധത്തിനിടയിലും കപ്പൽ ഗതാഗതം നടക്കുന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്.
ലെബനനും ഇസ്രയേലും തമ്മിലുള്ള 10 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിലവിൽ തുടരുന്നുണ്ടെങ്കിലും, ഇറാനുമായുള്ള നേരിട്ടുള്ള പോരാട്ടം എപ്പോൾ വേണമെങ്കിലും പുനരാരംഭിക്കാവുന്ന അവസ്ഥയിലാണ്.
ട്രംപിന്റെ അവകാശവാദങ്ങളോടും ഭീഷണിയോടും പരിഹാസത്തോടെയാണ് ഇറാൻ ഇതുവരെയും പ്രതികരിച്ചിരുന്നത്, എന്നാൽ ട്രംപിൻ്റെ പുതിയ പ്രസ്താവനയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.










0 comments