പനിച്ചു പനിച്ച് കേരളം; ഇന്ന് മാത്രം ചികിത്സ തേടിയത് 10,000ത്തിലധികം പേർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വിതച്ച് പകർച്ചവ്യാധികൾ പടരുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത് 10,853 പേരാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്; ഇവിടെ 2117 പേർ ഇന്ന് പനിക്ക് ചികിത്സ തേടി. തൃശ്ശൂർ ജില്ലയിലും 1000ത്തിലധികം ആളുകൾ ഇന്ന് പനി ബാധിച്ച് ചികിത്സയ്ക്കെത്തി.
അതേസമയം വയനാട് ജില്ലയിൽ 21 കുട്ടികൾക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. നിലവിൽ നാല് കുട്ടികൾ കൂടി നിരീക്ഷണത്തിലാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും നാളെ ഉച്ചതിരിഞ്ഞ് വയനാട്ടിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്കാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ കുട്ടികൾക്ക് പനിയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. സ്കൂളിലെ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ ഡിഎംഒയുടെ നേതൃത്വത്തിൽ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വയറിളക്കം ബാധിച്ച് 2399 പേർ ആശുപത്രികളിൽ ചികിത്സ തേടിയത് ഷിഗെല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 300ലധികം പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 1000 ലധികം പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ഓരോ മരണങ്ങൾ വീതം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മാത്രം വിവിധ ജില്ലകളിലായി 35 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട്ടെ ഷിഗെല്ല മരണം കൂടാതെ, ഈ മാസം മാത്രം വെസ്റ്റ് നൈൽ പനി, എച്ച്1എൻ1, ഇൻഫ്ലുവൻസ, ഡെങ്കിപ്പനി എന്നിവ പിടിപെട്ട് നാല് പേരാണ് വിവിധ ജില്ലകളിലായി മരണപ്പെട്ടത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. കാലവർഷം ശക്തിപ്രാപിച്ചതും സംസ്ഥാന സർക്കാരിന്റെ മഴക്കാലപൂർവ്വ ശുചീകരണം പാളിയതുമാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. ഓടകൾ വൃത്തിയാക്കുന്നതിലും വെള്ളമൊഴുക്ക് സുഗമമാക്കുന്നതിലും ഉണ്ടായ പരാജയവും തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലെ വെള്ളക്കെട്ടും മാലിന്യക്കൂമ്പാരങ്ങളും കൊതുക് പ്രജനനത്തിന് ആക്കം കൂട്ടി. മാലിന്യപ്രശ്നം എലികളുടെ ശല്യവും വർദ്ധിപ്പിച്ചിട്ടുണ്ട്.









0 comments