താനൂർ നടക്കാവിൽ വാഹനാപകടം; ഒരു മരണം, മൂന്നു പേർക്ക് പരിക്ക്

ഇക്ബാല്‍
താനൂർ: താനൂർ നടക്കാവിൽ ബൈക്കും മിനി വാനും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ കുട്ടിയടക്കം മൂന്നു പേർക്ക് പരിക്കേറ്റു. നിറമരുതൂർ കാളാട് സ്വദേശിയായ ആക്കകുഴി ഇക്ബാലാണ് (60) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്. താനൂർ ഭാഗത്തുനിന്നും മൂലക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രികൻ മുമ്പിലുണ്ടായിരുന്ന ചരക്ക് ലോറിയെ മറി കടക്കുന്നതിനിടെ തിരൂർ ഭാഗത്തുനിന്നും വരികയായിരുന്നു മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് തെറിച്ചു വീണ ഇഖ്ബാലിന് തലയ്ക്കാണ് പരിക്കേറ്റത്. ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന മക്കളായ ഷാഹിന (29), റഷാ ഫാത്തിമ (9), പേരമകൻ ഓസിൽ (ഒന്നര വയസ്) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഇഖ്ബാലിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.








0 comments