വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പൊട്ടിത്തെറി; എട്ട് മരണം

സ്റ്റീല്‍ പ്ലാന്‍റിലുണ്ടായ പൊട്ടിത്തെറി Photo: India Today
അമരാവതി: ആന്ധ്രാപ്രദേശിലെ സ്റ്റീൽ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്.
പ്ലാന്റിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ കൊണ്ടുപോകുകയായിരുന്ന കൂറ്റൻ പാത്രം തകരാറിലാവുകയും ഉരുകിയ ലോഹം താഴെ നിന്നിരുന്ന തൊഴിലാളികളുടെ ദേഹത്തേയ്ക്ക് മറിയുകയുമായിരുന്നു. ലോഹം വീണതിന് പിന്നാലെ പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. കടുത്ത ചൂടും പുകയും കാരണം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിപ്പോയതാണ് തൊഴിലാളികളുടെ മരണത്തിന് കാരണമായത്. ഏകദേശം 1,600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കായിരുന്നു പാത്രത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
മരിച്ച എട്ട് പേരിൽ അഞ്ച് പേർ സ്ഥിരം ജീവനക്കാരും മൂന്ന് പേർ കരാർ തൊഴിലാളികളുമാണ്. അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഫാക്ടറിയിലെ സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.









0 comments