ബത്തേരി മാർ ബസേലിയോസ് സ്‌കൂളിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. പനി, വയറിളക്കം, ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചവരെ 303 കുട്ടികളാണ് ബത്തേരിയിലെയും അമ്പലവയലിലെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ 70ഓളം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയൽ ഇൻഫെക്ഷനാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുട്ടികളുടെ രക്ത, മല സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ചതോടെയാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടികളും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട രക്ഷിതാക്കളും കടുത്ത ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
നെന്മേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് മുതൽ 12 വയസ്സ് വരെയുള്ള 841 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗലക്ഷണങ്ങളുണ്ടായിട്ടും ഇതുവരെ ആശുപത്രികളിൽ എത്താതിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉടനടി ചികിത്സയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.









0 comments