മരുന്നുകൾക്ക് 100 %, ഫർണിച്ചറുകൾക്ക് 30 %; വീണ്ടും ഇറക്കുമതിച്ചുങ്കവുമായി ട്രംപ്

donald trump new image
വെബ് ഡെസ്ക്

Published on Sep 26, 2025, 09:34 AM | 1 min read

വാഷിങ്ടൺ : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ചുങ്കം ഏർപ്പെടുത്തുന്നത് തുടർന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരുന്നുകൾ, കിച്ചൺ കാബിനറ്റുകൾ, ഫർണിച്ചറുകൾ, ഹെവി ട്രക്കുകൾ എന്നിവയ്ക്കാണ് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്നത്. ഒക്ടോബർ 1 മുതൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 ശതമാനവും, അടുക്കള കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ എന്നിവയ്ക്ക് 50 ശതമാനവും, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും ഇറക്കുമതി നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. താരിഫുകൾക്ക് നിയമപരമായ ന്യായീകരണം നൽകിയിട്ടില്ല. എന്നാൽ ദേശീയ സുരക്ഷയ്ക്കു വേണ്ടിയും മറ്റ് കാരണങ്ങളാലും ഇറക്കുമതി ചെയ്യുന്ന കിച്ചൺ കാബിനറ്റുകൾക്കും സോഫകൾക്കും നികുതി ആവശ്യമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.


പുതിയ താരിഫുകൾ നിലവിൽ വരുന്നതോടെ ഉൽപ്പന്നങ്ങൾക്ക് വില കൂടുമെന്നും യുഎസ് സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിലാകുമെന്നുമാണ് റിപ്പോർട്ട്. അമേരിക്കയിൽ പ്ലാന്റുകൾ നിർമിക്കുന്ന കമ്പനികൾക്ക് ഫാർമസ്യൂട്ടിക്കൽ താരിഫ് ബാധകമാകില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. എന്നാൽ നിലവിൽ യുഎസിൽ ഫാക്ടറികളുള്ള കമ്പനികൾക്ക് താരിഫ് എങ്ങനെ ബാധകമാകുമെന്ന് വ്യക്തമല്ല.


സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2024-ൽ അമേരിക്ക ഏകദേശം 233 ബില്യൺ യുഎസ് ഡോളറിന്റെ ഔഷധ, ഔഷധ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. കമ്പനികൾക്ക് ഫാക്ടറികൾ നിർമിക്കാനും ഉൽപ്പാദനം മാറ്റാനും സമയം ലഭിക്കുന്നതിനായി താരിഫ് ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നാണ് ട്രംപ് മുമ്പ് പറഞ്ഞിരുന്നത്. താരിഫ് ഭീഷണിയെത്തുടർന്ന് ചില പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അമേരിക്കയിൽ നിക്ഷേപം നടത്തിയിരുന്നു.


വിദേശ നിർമ്മിത ഹെവി ട്രക്കുകളും പാർട്‌സുകളും ആഭ്യന്തര ഉൽപ്പാദകരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അവയെ പ്രതിരോധിക്കാനാണ് നികുതിയെന്നുമാണ് ട്രംപ് പറയുന്നത്. കാബിനറ്റുകളുടെ നികുതി ഉയർത്തുന്നത് വീട് നിർമിക്കുന്നവരെ ദോഷകരമായി ബാധിച്ചേക്കും. ആഭ്യന്തര വ്യവസായത്തിൽ കൂടുതൽ നിക്ഷേപിക്കാൻ കമ്പനികളെ നിർബന്ധിതരാക്കുന്നതിനുള്ള താക്കോലാണ് താരിഫുകൾ എന്നാണ് തുടക്കം മുതൽ ട്രംപ് ആവർത്തിക്കുന്നത്. മറ്റ് രാജ്യങ്ങൾക്കു നേരെയും ട്രംപ് ചുങ്കഭീഷണി മുഴക്കിയിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Home