ഇനി സഹായമില്ല, എണ്ണ വേണമെങ്കിൽ ഒറ്റക്ക് ഹോർമുസ് പിടിച്ചെടുക്കൂ; ബ്രിട്ടനെയും ഫ്രാൻസിനെയും പരിഹസിച്ച് ട്രംപ്

ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ യുദ്ധം കനക്കുമ്പോൾ അന്താരാഷ്ട്ര നയതന്ത്ര മര്യാദകൾ കാറ്റിൽപ്പറത്തി സഖ്യകക്ഷികൾക്കെതിരെ വീണ്ടും ട്രംപിന്റെ കടന്നാക്രമണം. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ശക്തമായ നിയന്ത്രണം തുടരുന്നതിനിടയിൽ എണ്ണക്കായി അമേരിക്കയെ ആശ്രയിക്കുന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ ട്രംപ് പരസ്യമായി പരിഹസിച്ചു. "നിങ്ങൾക്കുള്ള എണ്ണ സ്വന്തം നിലയിൽ കണ്ടെത്തൂ" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് സംരക്ഷണം നൽകാൻ അമേരിക്കക്ക് ബാധ്യതയില്ലെന്ന നിലപാടാണ് ട്രംപ് ആവർത്തിക്കുന്നത്. ഈ മേഖലയിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളിൽ ഭൂരിഭാഗവും ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടേതാണ്. ഇതിന്റെ സുരക്ഷാച്ചെലവ് അമേരിക്ക വഹിക്കുന്നത് എന്തിനാണെന്നും ട്രംപ് ചോദിച്ചു.
കാലങ്ങളായുള്ള സൈനിക സഖ്യത്തെ മറന്നു കൊണ്ടാണ് ബ്രിട്ടനെ ട്രംപ് കടന്നാക്രമിച്ചത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളിൽ ഫ്രാൻസ് ഒട്ടും സഹായിക്കുന്നില്ലെന്നും അവർ 'ഉപകാരമില്ലാത്ത' നിലപാടാണ് സ്വീകരിക്കുന്നതെന്നും, അമേരിക്ക ഇത് ഓർത്തുവെക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നതിലുള്ള അമർഷമാണ് ട്രംപിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര ഉടമ്പടികളെ കാറ്റിൽപ്പറത്തിക്കൊണ്ട് ഏകപക്ഷീയമായി ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന അമേരിക്ക ഇപ്പോൾ സഖ്യകക്ഷികളെപ്പോലും പരിഹസിക്കുകയാണ്.
വൻശക്തികൾക്കിടയിലെ ഈ ചേരിപ്പോര് ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. സഖ്യകക്ഷികളെ പിണക്കിക്കൊണ്ടുള്ള ട്രംപിന്റെ ഈ പോക്ക് അന്താരാഷ്ട്ര നയതന്ത്രരംഗത്ത് അമേരിക്കയെ പ്രതികൂലാമായി മാത്രമേ ബാധിക്കുകയുള്ളൂ.










0 comments