ad
Deshabhimani

റഷ്യൻ എണ്ണക്കെതിരെ വീണ്ടും ഉപരോധ നീക്കവുമായി ട്രംപ്, ഹോര്‍മുസിലെ പിടി അഴിഞ്ഞതോടെ പുതിയ കുരുക്ക് മുറുക്കുന്നു

g7
വെബ് ഡെസ്ക്

Published on Jun 17, 2026, 04:56 PM | 2 min read

എവിയാൻ: ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമായതോടെ റഷ്യ-ഉക്രെയ്ൻ യുദ്ധം വീണ്ടും ആഗോള രാഷ്ട്രീയത്തിൽ മുൻനിര ചർച്ചാവിഷയമാക്കി ജി-7 ഉച്ചകോടി. റഷ്യൻ എണ്ണക്കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഇളവുകൾ പിൻവലിക്കാനും ഉപരോധം ശക്തമാക്കാനും അമേരിക്ക തയാറെടുക്കുകയാണെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞു.


ഫ്രാൻസിലെ എവിയാനിൽ ജി-7 ഉച്ചകോടിയുടെ ഇടവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് പുതിയ യുഎസ് നീക്കം പരസ്യപ്പെടുത്തിയത്. ഹൊർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ ക്രൂഡ് വില നിയന്ത്രിച്ചു നിര്‍ത്താനായി നേരത്തെ റഷ്യൻ എണ്ണക്കപ്പലുകൾക്ക് നൽകിയ ഇളവുകൾ ഉടൻ തന്നെ പിൻവലിക്കാൻ യുഎസിന് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു.


ക്രൂഡ് ഓയിൽ വില നിശ്ചിത പരിധിയിൽ താഴാതെ നിര്‍ത്തുക എന്നത് എക്കാലത്തെയും അമേരിക്കൻ താൽപര്യമാണ്. സ്വന്തം വിപണി രാജ്യങ്ങൾക്ക് എതിരെ വില ഉയര്‍ത്തി നിര്‍ത്തുക എന്ന തന്ത്രമാണ്. തടസങ്ങൾ നീങ്ങിയതോടെ എണ്ണയുത്പാദക രാജ്യങ്ങൾ ഖനന പ്രവര്‍ത്തനങ്ങൾ സജീവമാക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ റഷ്യൻ എണ്ണ തടസമില്ലാതെ എത്തുക കൂടി ചെയ്യുന്നത് അമേരിക്കൻ എണ്ണ ലോബിയുടെ താത്പര്യങ്ങൾക്ക് തിരിച്ചടിയാവും. റഷ്യൻ എണ്ണ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്ക് സഹായകമായ വിലയിലാണ് ലഭിക്കുന്നത് എന്ന സാഹചര്യവും ഉണ്ട്.


ഉക്രെയ്ന് ഐക്യദാർഢ്യവുമായി ജി7;

റഷ്യയുടേത് 'കളി'യെന്ന് സെലൻസ്കി


ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്രത്യേക ചർച്ചയിൽ ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും പങ്കെടുത്തു. റഷ്യ കടുത്ത വ്യോമാക്രമണങ്ങളിലൂടെ ഉക്രെയ്നിലെ ജനവാസ മേഖലകളെ തകർക്കുന്നു. സമാധാന ചർച്ചകളെ ഒരു 'കളി'യായിട്ടാണ് അവര്‍ കാണുന്നതെന്നും സെലൻസ്കി കുറ്റപ്പെടുത്തി.


റഷ്യൻ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉക്രെയ്ന് കൂടുതൽ 'പേട്രിയറ്റ്' മിസൈലുകൾ നൽകുന്നതിനെക്കുറിച്ചും, ഇവയുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ചകൾ നടന്നു. നിലവിൽ അമേരിക്ക സൈനിക സഹായങ്ങൾ വെട്ടിക്കുറച്ച സാഹചര്യമാണ്. ഫ്രാൻസും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമാണ് ഉക്രെയ്ന് സാമ്പത്തിക-സൈനിക പിന്തുണ തുടരുന്നത്.


ഇറാൻ കരാറും മറ്റ് തർക്കങ്ങളും


യു.എസ്-ഇറാൻ വെടിനിർത്തൽ കരാറും ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയമായി. ഈ കരാർ അവലോകനത്തിനായി യു എസ് കോൺഗ്രസിന് കൈമാറാൻ താൻ തയാറാണെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയാൻ ഈ കരാറിന് സാധിക്കുമോ എന്നതിൽ ചില പ്രതിനിധികൾ സംശയം പ്രകടിപ്പിച്ചു.


അതേസമയം, ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടികൾ നീണ്ടുപോകുന്നതിൽ ഇസ്രായേലിനോടുള്ള അതൃപ്തി ട്രംപ് പരസ്യമാക്കി. ഇസ്രായേൽ ഈ വിഷയം കൂടുതൽ വേഗത്തിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യം ഇറാൻ കരാറിന്റെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു.


ഉക്രെയ്ൻ യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു. നാറ്റോ സഖ്യത്തിൽ ഉക്രെയ്നെ ഉൾപ്പെടുത്തുന്നതിനെ ട്രംപ് ഭരണകൂടം ശക്തമായി എതിർക്കുന്നതായാണ് റിപ്പോര്‍ടുകൾ. ഉക്രെയിന്റെ നാറ്റോ പ്രവേശന ശ്രമങ്ങളാണ് റഷ്യയെ പ്രകോപിപ്പിച്ചതിൽ പ്രധാനമായിരുന്നത്. യൂറോപ്യൻ യൂണിയൻ താത്പര്യങ്ങളും അകലം വര്‍ധിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home