ad
Deshabhimani

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് ?; ആണവായുധത്തേക്കാൾ വലിയ ഭീഷണിയെന്ന് യുഎസ്

Hormuz

ഹോർമുസ് കടലിടുക്ക്

വെബ് ഡെസ്ക്

Published on Jun 17, 2026, 05:04 PM | 1 min read

വാഷിംഗ്ടൺ : അമേരിക്കയും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കരാറിൽ ഒപ്പിടാൻ തയ്യാറെടുക്കുമ്പോൾ, തന്ത്രപ്രധാനമായ ജലപാത എപ്പോൾ വേണമെങ്കിലും തടസപ്പെടുത്താൻ ഇറാന് കഴിയുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം നിലവിൽ ഇറാനാണ്. ലോകത്തിലെ ഈ നിർണായക ഊർജ്ജ പാതയിലെ ഇറാൻ്റെ സ്വാധീനം ആണവായുധത്തേക്കാൾ വലിയൊരു ഭീഷണിയായി മാറിയെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടി.


സംഘർഷം രൂക്ഷമായാൽ കടലിടുക്കിലെ ഗതാഗതം തടസപ്പെടുത്താൻ ഇറാന് കഴിയുമെന്നും, ഇതേ തന്ത്രങ്ങൾ ഭാവിയിലും അവർ ആവർത്തിക്കുമെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ഗൾഫ് മേഖലയിലെ ഊർജ്ജ സംവിധാനങ്ങൾക്ക് നേരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ ഇറാന് സാധിക്കും. കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നിടണമെന്നും കരാറിലെ വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്നും യുഎസ് കർശനമായി ആവശ്യപ്പെടുന്നു. എന്നാൽ, ഈ നടപടികൾ ചൈനയുമായും ഗൾഫ് രാജ്യങ്ങളുമായും ഇറാന്റെ ബന്ധത്തെ ബാധിച്ചേക്കാം. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഭാവിയിൽ ശ്രമിച്ചാൽ വലിയ സാമ്പത്തിക-നയതന്ത്ര തിരിച്ചടികൾ ഇറാൻ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


ഇറാൻ്റെ പക്കൽ ഇപ്പോഴും മിസൈലുകൾ, ഡ്രോണുകൾ, നൂറുകണക്കിന് ഫാസ്റ്റ്-അറ്റാക്ക് ബോട്ടുകൾ എന്നിവയുണ്ടെന്നും ഇവർ വ്യോമ-നാവിക മേഖലകളിൽ തങ്ങളുടെ സൈനിക അടിത്തറ അതിവേഗം പുനർനിർമിക്കുകയാണെന്നും യുഎസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമെ, ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന വ്യാപാരപാതയായ 'ബാബ്-എൽ-മാൻഡേബ്' കടലിടുക്കിലും ഇറാൻ ഭീഷണി ഉയർത്തിയേക്കുമെന്ന ആശങ്ക യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പങ്കുവെക്കുന്നു. ഹോർമുസ് കടലിടുക്കിനൊപ്പം ബാബ്-എൽ-മാൻഡേബ് കൂടി അടച്ചുപൂട്ടിയാൽ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ തകർക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home