ഹൈവേയിൽ തകർന്നു വീണ വിമാനം രണ്ടായി പിളർന്നു; ഒരു മരണം

അപകടത്തിന്‍റെ ദൃശ്യങ്ങള്‍ Image credit : TOI
ടെക്‌സസ്: ഹൈവേയിൽ വിമാനം തകർന്നു വീണ് ഒരാൾ മരിച്ചു. യുഎസ്-മെക്‌സിക്കോ അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ ടെക്‌സസിലെ തിരക്കേറിയ ഹൈവേയിലാണ് ചെറുവിമാനം തകർന്നു വീണത്. അപകടത്തിൽ ഒരാൾ മരണപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റ് അഞ്ചുപേരുടെ നില നിലവിൽ തൃപ്തികരമാണ്.
വിമാനത്തിൽ നിന്നുള്ള പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരന്തമുഖത്ത് ജീവൻ പണയം വെച്ച് നാട്ടുകാരും മറ്റ് യാത്രക്കാരും നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് അഞ്ച് ജീവനുകൾ രക്ഷപ്പെടാൻ കാരണമായത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ലറെഡോയിലെ ലൂപ്പ് 20 ഹൈവേയിലായിരുന്നു സംഭവം. ആറുപേരുമായി സഞ്ചരിച്ച നെറ്റ്ജെറ്റ്‌സ് കമ്പനിയുടെ സെസ്‌ന സൈറ്റേഷൻ ലാറ്റിറ്റിയൂഡ് എന്ന വിമാനമാണ് കത്തിയമർന്നത്. മെക്‌സിക്കോയിലെ സാൻ ഹൊസെ ഡെൽ കാബോയിൽ നിന്ന് ടെക്‌സസിലെ ഓസ്റ്റിനിലേക്ക് പോവുകയായിരുന്നു വിമാനം.
യാത്രയ്ക്കിടയിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറും ഇന്ധനക്ഷാമവും മൂലം വിമാനം ലറെഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എന്നാൽ റൺവേയ്ക്ക് വെറും രണ്ട് കിലോ മീറ്റർ അകലെ വെച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം വിമാനത്തിന് നഷ്ടമായി. തുടർന്ന് നിയന്ത്രണം വിട്ട് ഹൈവേയിലേക്ക് പതിക്കുകയായിരുന്നു.
ഹൈവേയിലൂടെ നീങ്ങിയ വിമാനം റോഡിലുണ്ടായിരുന്ന ഒരു വാഹനത്തിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളരുകയും വലിയ രീതിയിൽ തീപിടിക്കുകയും ചെയ്തു. വിമാനത്തിന് തീപിടിക്കുന്നത് കണ്ട് ഹൈവേയിലൂടെ പോയ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരും നാട്ടുകാരും, കൈയിൽ കിട്ടിയ മൺവെട്ടിയും ചുറ്റികയും ഉപയോഗിച്ച് വിമാനത്തിന്റെ കോക്പിറ്റ് വിൻഡ്ഷീൽഡ് തല്ലിപ്പൊളിക്കുകയായിരുന്നു.










0 comments