ad
Deshabhimani

മണ്ണിട്ട് മൂടിയ പ​ദ്ധതിയെ കുഴിമാന്തിയെടുത്ത് തലയിലേറ്റി നടക്കുന്നു; കോൺ​ഗ്രസ് ജയിച്ചിട്ട് ഭരിക്കുന്നത് ബിജെപി: എം സ്വരാജ്

M Swaraj Press Meet

എം സ്വരാജ്

വെബ് ഡെസ്ക്

Published on Jun 17, 2026, 06:13 PM | 2 min read

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നിർത്തിവെച്ച പിഎം ശ്രീ പദ്ധതിയെ പൊടിതട്ടി വീണ്ടുമെടുത്ത് തലയിലേറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം സ്വരാജ് പറഞ്ഞു. കേരളം ഉപേക്ഷിച്ച പദ്ധതിയാണ് പിഎം ശ്രീ. നിലവിൽ അങ്ങനെയൊരു പദ്ധതിയില്ല. മണ്ണിട്ട് മൂടിയ ഒരു പദ്ധതിയെ, വലിച്ചെറിയും എന്ന് പറഞ്ഞവർ കുഴിമാന്തിയെടുത്ത് ചുമക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കോൺ​ഗ്രസ് ജയിക്കുകയും, ബിജെപി ഭരിക്കുകയും ചെയ്യുന്നതിനാണ് കേരളം സാക്ഷ്യംവഹിക്കാൻ പോകുന്നതെന്നും എം സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


തുടർച്ചയായി സംഘപരിവാർ വിധേയത്വം പ്രകടിപ്പിക്കുകയാണ് മുഖ്യമന്ത്രി. യുഡിഎഫ് ചുമതലയേറ്റ നിമിഷം മുതൽ കേരളം സ്വീകരിക്കുന്ന നിലപാടുകളിലെ മാറ്റം പ്രകടമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കപ്പെട്ടത് ഇതുവരെ പതിവില്ലായിരുന്നു. സംഘപരിവാർ അനുകൂലിയായ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥനെ മുഖ്യമന്ത്രി തന്റെ സെക്രട്ടറിയാക്കി. എംജി സർവകലാശാല വൈസ് ചാൻസലറായി സംഘപരിവാറുകാരനെ നിയമിച്ചപ്പോഴും ക്യാമ്പസ് സംഘപരിവാർശാലയാക്കിയപ്പോേഴും നേരിയ വിമർശനംപോലും മുഖ്യമന്ത്രിയിൽനിന്നോ ഉന്നതവിദ്യാഭ്യാസമന്ത്രിയിൽനിന്നോ ഉണ്ടായില്ല. 10 വർഷത്തിലൊരിക്കൽ ആദ്യമായി കേന്ദ്രവിമർശനം ഇല്ലാത്ത നയപ്രഖ്യാപന പ്രസം​ഗവും കേരളം കേട്ടു. കേന്ദ്രത്തിന്റെ കേരളവിരുദ്ധനയങ്ങൾക്കെതിരായ ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞു എന്നാണ് സർക്കാർ പറയുന്നത്.


പിഎം ശ്രീ പദ്ധതിയെ വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്ത് തലയിൽവെക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതിനെ സാധൂകരിക്കാൻ യുഡിഎഫ് പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്. പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ട്, പണം വാങ്ങി എന്നാണ് നുണപ്രചാരണം. ഒരു നയാപൈസ പോലും പിഎം ശ്രീ ഇനത്തിൽ കേരളം കൈപ്പറ്റിയിട്ടില്ല. ഏതൊക്കെ സ്കൂളുകൾ പദ്ധതിയിൽ വേണമെന്ന് ആലോചിച്ചിട്ടില്ല. ആ പദ്ധതി നടപ്പാക്കാനേ എൽഡിഎഫ് സർക്കാർ ഉദ്ദേശിച്ചിട്ടില്ല. ഈ നിലപാട് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കേന്ദ്രമന്ത്രിക്ക് മുന്നിൽ നേരിട്ട് വ്യക്തമാക്കിയതുമാണ്. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നില്ലെന്നും എംഒയു നിർത്തിവെക്കണമെന്നും നവംബർ 12ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് രേഖാമൂലം കത്ത് നൽകുകയും ചെയ്തതാണ്.


എസ്എസ്കെയുടെ ഫണ്ടിനെയാണ് പിഎം ശ്രീയുടെ ഫണ്ടെന്ന് കളവായി പ്രചരിപ്പിക്കുന്നത്. എസ്എസ്കെയിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ ഫണ്ട് വ്യവസ്ഥാപിതമായി ലഭിക്കേണ്ടതാണ്. എന്നാൽ 2023-24 മുതൽ പിഎം ശ്രീയിൽ ഒപ്പിട്ടില്ല എന്ന് പറഞ്ഞ് ആ ഫണ്ട് കേന്ദ്രസർക്കാർ മരവിപ്പിക്കുകയായിരുന്നു. ഒരുഘട്ടത്തിൽ ആ ഫണ്ടിൽ കുടിശിക ഉണ്ടായിരുന്നതിൽ ഒരു ​ഗഡു അനുവദിച്ചു. അതിനെയാണ് പിഎം ശ്രീയുടെ ഫണ്ടെന്ന് ഇപ്പോൾ സർക്കാർ പറയുന്നത്.


തെരഞ്ഞെടുപ്പ് സമയത്തും അതിന് മുൻപും യുഡിഎഫ് നേതാക്കൾ പിഎം ശ്രീക്കെതിരെ ഊഴമിട്ട് മത്സരിച്ച് പ്രസം​ഗിച്ചു. ഇന്നത്തെ മുഖ്യമന്ത്രിയടക്കമുള്ളവർ പിഎം ശ്രീക്കെതിരെ വലിയ പ്രസ്താവനകൾ നടത്തി. അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിലെറിയും എന്നാണ് ഇപ്പോഴത്തെ തദ്ദേശമന്ത്രി പ്രസം​ഗിച്ചത്. പിഎം ശ്രീ നടപ്പാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയിലേക്ക് മാർച്ച് നടത്തി.


പിഎം ശ്രീയുമായി മുന്നോട്ടുപോകുന്ന യുഡിഎഫ് നേതൃത്വം കേരളത്തോട് മാപ്പ് പറയണം. പദ്ധതിയുടെ മറവിൽ‌ കേരളത്തിലെ വിദ്യാഭ്യാസരം​ഗത്തെ കാവിഉടുപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ മതനിരപേക്ഷവാദികൾ അത് ചെറുക്കുമെന്നും എം സ്വരാജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home