മഹാരാഷ്ട്രയിലും ബിജെപിയുടെ കുതിരക്കച്ചവടം: ഉദ്ധവ് പക്ഷ എംപിമാരെ പിളർത്തി

ഉദ്ധവ് താക്കറെ Image Credit : Indian Express
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി-ഷിൻഡെ സഖ്യത്തിന്റെ കുതിരക്കച്ചവട രാഷ്ട്രീയം. ഉദ്ധവ് താക്കറെ പക്ഷത്തെ (ശിവസേന യുബിടി) പൂർണമായി തകർത്ത് ലോക്സഭാ എംപിമാരിൽ ഭൂരിഭാഗവും ഭരണപക്ഷമായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയിലേക്ക് ചേക്കേറുന്നു. ഉദ്ധവ് പക്ഷത്തെ ആറ് എംപിമാരാണ് പാർട്ടി നേതൃത്വവുമായി പരസ്യമായി വിയോജിച്ച് ലോക്സഭയിൽ പ്രത്യേക ഗ്രൂപ്പായി പ്രവർത്തിക്കാൻ അനുമതി തേടിയത്.
ലോക്സഭയിൽ ആകെ ഒമ്പത് എംപിമാരാണ് ശിവസേന യുബിറ്റിക്കുള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് വിശ്വസ്തരൊഴികെ ബാക്കി ആറ് എംപിമാരും പാർട്ടി വിരുദ്ധ ഗ്രൂപ്പിൽ ചേരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂൺ 19-ന് ഇവർ ഔദ്യോഗികമായി ഷിൻഡെ പക്ഷത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.
ലോക്സഭയിൽ ഭിന്നിച്ച ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒപ്പുവെച്ച എംപിമാർക്കുണ്ടെന്നാണ് സൂചന. രാജ്യസഭയിലേക്ക് ഒഴിവുന്ന സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾക്കകം തന്നെ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാക്കുന്ന നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ അരങ്ങേറുന്നത്.
എന്നാൽ പാർട്ടിയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കൂറുമാറുന്നത് തടയാൻ കഴിയാതെ ഉദ്ധവ് താക്കറെ ക്യാമ്പ് പൂർണമായും നിസ്സഹായാവസ്ഥയിലാണ്. അധികാരവും പണക്കൊഴുപ്പും ഉപയോഗിച്ച് പ്രാദേശിക പാർട്ടികളെ വിഴുങ്ങുന്ന ബിജെപി-ഷിൻഡെ സഖ്യത്തിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ലോക്സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് താക്കറെ ക്യാമ്പിന്റെ പുറപ്പാട്.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിളർത്തിയപ്പോഴും ഇതേ തന്ത്രമാണ് ബിജെപി പ്രയോഗിച്ചത്. ആകെ 80 എം എൽ എമാരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് മുകളിലുള്ള 58 എം എൽ എമാരെ ഒന്നിച്ച് മാറ്റിനിർത്തിയാണ് ബിജെപി അവിടെ പിളർപ്പ് സാധ്യമാക്കിയത്.









0 comments