ബോസ് എന്ന് പറഞ്ഞ് വ്യാജസന്ദേശം; ഐനോക്ക്സ് ഗ്രൂപ്പിന് നഷ്ടമായത് 10.4 കോടി

ന്യൂഡൽഹി : കമ്പനി ബോസിന്റെ വ്യാജസന്ദേശം വിശ്വസിച്ച് അക്കൗണ്ട്സ് വിഭാഗം ജീവനക്കാരൻ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചത് കോടികൾ. വാട്സ്ആപ്പിലൂടെയായിരുന്നു തട്ടിപ്പുകാർ വ്യാജസന്ദേശമയച്ചത്.
ബോസിനെ വിശ്വസിച്ച് ഏകദേശം പത്ത് കോടി രൂപയാണ് ജീവനക്കാരൻ കൈമാറിയത്. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനമായ ഐനോക്സിന്റെ മുംബൈ ശാഖയിലാണ് ഞെട്ടിക്കുന്ന സംഭവം. ബോസ് ആണെന്ന് പറഞ്ഞുപറ്റിച്ച് നൽകിയ നിർദേശങ്ങൾ പാലിച്ച് 63 തവണയാണ് ജീവനക്കാരൻ വിവിധ അക്കൗണ്ടുകളിലേക്ക് പണമയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂൺ 3നായിരുന്നു സംഭവം നടന്നത്. ഐനോക്ക്സ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജരായ ഗിരീഷ് അമീന് ഒരു അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം വരുകയും കമ്പനിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയറാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ സ്വകാര്യ നമ്പരാണിതെന്നും മറ്റാരോടും ഷെയർ ചെയ്യരുതെന്നും പറഞ്ഞിരുന്നു. പ്രൊഫൈൽ ചിത്രവും തട്ടിപ്പുകാർ മാറ്റിയിരുന്നു. തുടർന്ന് കുറച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിക്കൊണ്ട് കമ്പനിയുടെ ഫണ്ടിൽ നിന്നും അടിയന്തരമായി പണം കൈമാറാൻ നിർദേശിക്കുകയായിരുന്നു. കമ്പനിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ ഇടപാടുകളുടെ ഇൻവോയ്സുകൾ ആവശ്യപ്പെട്ടുകൊണ്ട് ഗിരീഷ് യഥാർത്ഥ എക്സിക്യൂട്ടീവ് ഡയറക്ടർ സിദ്ധാർത്ഥ് ജെയിനെ ബന്ധപ്പെട്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. താൻ അങ്ങനെയൊരു നിർദേശവും നൽകിയിട്ടില്ലെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കിയതോടെ ഗിരീഷ് ഉടൻ തന്നെ മുംബൈ പൊലീസിൽ പരാതി നൽകി.









0 comments