'ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും ബോംബിടും'; ഇറാനുമായുള്ള ധാരണപത്രം അന്തിമമല്ല: വീണ്ടും ഭീഷണിയുമായി ട്രംപ്

ഡോണൾഡ് ട്രംപ് Image Credit : free press journal
എവിയാൻ ലെ ബെയ്ൻസ് (ഫ്രാൻസ്): അമേരിക്കയും ഇറാനും തമ്മിൽ രൂപീകരിച്ച പ്രാഥമിക ധാരണപത്രം അന്തിമമല്ലെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. ഇറാൻ്റെ നിലപാടുകൾ തനിക്ക് തൃപ്തികരമല്ലെങ്കിൽ വീണ്ടും ബോംബാക്രമണം പുനരാരംഭിക്കുമെന്നാണ് ട്രംപിന്റെ പ്രകോപനപരമായ വാക്കുകൾ.
ഇറാനുമായി നിലവിലുള്ളത് പ്രാഥമിക ധാരണാപത്രം മാത്രമാണെന്നും തനിക്ക് താല്പര്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഇത് റദ്ദാക്കി ഇറാൻ്റെ തലയ്ക്ക് മുകളിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്നുമാണ് ട്രംപിൻ്റെ ഭീഷണി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് യുദ്ധക്കൊതി വ്യക്തമാക്കുന്ന തരത്തിൽ ട്രംപ് പ്രതികരിച്ചത്.
"ഇതൊരു ധാരണപത്രം മാത്രമാണ്. എനിക്കിത് ബോധിച്ചില്ലെങ്കിലോ അവർ അടങ്ങി ഒതുങ്ങി ജീവിച്ചില്ലെങ്കിലോ ഞങ്ങൾ വീണ്ടും അവരുടെ തലയ്ക്ക് മുകളിൽ ബോംബുകൾ ഇടാൻ തുടങ്ങും. കൃത്യം അവരുടെ തലയുടെ നടുക്കുതന്നെ ബോംബുകൾ പതിക്കും," എന്നായിരുന്നു ട്രംപിൻ്റെ പ്രകോപനപരമായ വാക്കുകൾ.
ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ അടിയന്തരമായി പിൻവലിക്കാൻ ഈ ധാരണാപത്രത്തിൽ വ്യവസ്ഥയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഉപരോധങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് സംസാരിക്കാമെന്ന തികച്ചും നിഷേധാത്മകമായ നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് സ്വീകരിച്ചത്. ഹൊർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിൽ ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നടക്കാനിരിക്കെയാണ് എല്ലാ അന്താരാഷ്ട്ര നയതന്ത്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ട്രംപിൻ്റെ ഈ പുതിയ കടന്നാക്രമണം.










0 comments