ad
Deshabhimani

അമ്മയുമായുള്ള വിവാഹത്തിന് തടസ്സമാകുമെന്ന് ഭീതി; ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന് ബാങ്ക് മാനേജർ

murder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 17, 2026, 06:23 PM | 1 min read

മീററ്റ്: യുവതിയെ വിവാഹം കഴിക്കാൻ അവരുടെ ആറുവയസ്സുകാരനായ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയ സ്വകാര്യ ബാങ്ക് മാനേജർ ഉത്തർപ്രദേശിലെ മീററ്റിൽ പൊലീസിന്റെ പിടിയിലായി. മുസാഫർനഗർ സ്വദേശിയായ അർപിത് പരാശർ (28) ആണ് അറസ്റ്റിലായത്. മീററ്റിലെ റാംരാജ് ഗ്രാമത്തിൽ താമസിക്കുന്ന ഗുർപ്രീത് കൗറിന്റെ മകൻ അംഗദ്‌വീർ ആണ് കൊല്ലപ്പെട്ടത്.


കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മുത്തശ്ശി ബൽവിന്ദർ കൗർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ, ഒരു വെള്ള കാറിലെത്തിയ വ്യക്തി വിളിച്ചപ്പോൾ കുട്ടി യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ വാഹനത്തിൽ കയറിപ്പോകുന്നത് വ്യക്തമായിരുന്നു.


കുട്ടിക്ക് അടുത്ത പരിചയമുള്ള ആളാണ് കാറിലുണ്ടായിരുന്നതെന്ന നിഗമനത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവിൽ ബാങ്ക് മാനേജറായ അർപിതിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മയായ ഗുർപ്രീതുമായി തനിക്ക് മൂന്ന് വർഷത്തെ പരിചയമുണ്ടെന്നും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.


എന്നാൽ ഈ ബന്ധത്തിനും വരാനിരിക്കുന്ന വിവാഹത്തിനും കുട്ടി ഒരു തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതെന്ന് പ്രതി സമ്മതിച്ചു. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തന്ത്രപൂർവ്വം കാറിൽ കയറ്റി വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള വിജനമായ ഒരു പാടത്ത് എത്തിച്ചു. അവിടെ വെച്ച് കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.


കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ഗുർപ്രീത് കൗറിന് എന്തെങ്കിലും തരത്തിലുള്ള പങ്കോ മുൻകൂട്ടി അറിവോ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home