യോഗ്യരായ അധ്യാപകർക്ക് പകരമാകില്ല ഒരു എഐ ടൂളും; മദ്രാസ് ഹൈക്കോടതി

ചെന്നൈ : യോഗ്യരായ അധ്യാപകർക്ക് പകരമാകാൻ എഐ ടൂളുകൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം, എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
യോഗ്യതയുള്ള ഒരു അധ്യാപകന് പകരമാകാൻ ചാറ്റ്ജിപിടിക്കോ മറ്റ് എഐ ടൂളുകൾക്കോ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, നിർമിതബുദ്ധി മനുഷ്യബുദ്ധിയോട് അടുത്തെത്തിയെങ്കിലും നിയമരംഗത്തെ നിർണായത ടൂളുകളായ സത്യസന്ധതയും ധാർമികതയും പഠിപ്പിക്കാൻ എഐയ്ക്ക് കഴിയില്ലെന്ന് നിരീക്ഷിച്ചു.
ഹാജർ കുറവുള്ള നിയമവിദ്യാർഥിതകൾക്ക് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിലും കോടതി വ്യക്തത വരുത്തി. പതിവായി ക്ലാസിൽ ഹാജരാകുന്നതിലൂടെ ചില നേട്ടങ്ങളുണ്ടാകുമെന്നും അതിനാൽ ഹാജർ കുറയുന്നവർക്ക് ഇളവ് നൽകാനാകില്ലെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ തമിഴ്നാട് ഡോ. അംബേദ്കർ ലോ യൂണിവേഴ്സിറ്റി സമർപ്പിച്ച അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ റൂൾ 12 പ്രകാരം 70 ശതമാനം ഹാജർ നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.










0 comments