സതീശൻ ബിജെപിക്ക് പ്രിയപ്പെട്ട മുഖ്യമന്ത്രിയാകുന്നു; പിഎം ശ്രീയിൽ ഒരു നടപടിയും സംസ്ഥാനത്തുണ്ടായിട്ടില്ല: കെ എൻ ബാലഗോപാൽ

വി ഡി സതീശൻ, കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ ഭാഗമായ പണം സർക്കാർ കൈപ്പറ്റി എന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 2025 ഒക്ടോബർ 23ന് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ എൽഡിഎഫ് സർക്കാർ ഒപ്പു വച്ചിരുന്നു. സമഗ്ര ശിക്ഷാ പദ്ധതിയുടേതുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ വിവിധ ഗ്രാന്റുകൾ പി എം ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രസർക്കാർ തടഞ്ഞുവച്ച പശ്ചാത്തലത്തിലായിരുന്നു അത്. പാഠ്യപദ്ധതിയിലോ പാഠപുസ്തകങ്ങളിലൊ യാതൊരു പരിഷ്കാരങ്ങളും നടത്താൻ പാടില്ല എന്ന വ്യവസ്ഥയോടെയാണ് ഒപ്പിട്ടിരുന്നതെങ്കിലും തുടർന്ന് എൽഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനുള്ള കത്ത് നവംബർ 12 ന് നൽകുകയും ചെയ്തു. തുടർന്ന് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നടപടിയും സംസ്ഥാനത്തുണ്ടായിട്ടില്ല. ധാരണപത്രം മരവിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ആണുണ്ടായത്.- ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണ് മുഖ്യമന്ത്രി. ബിജെപിയുടെ ഇംഗിതങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന ഒരു സർക്കാറിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് അകമഴിഞ്ഞ പിന്തുണ ബിജെപി തിരഞ്ഞെടുപ്പിൽ നൽകിയത്. യുഡിഎഫിന് നൂറിലധികം സീറ്റും ബിജെപിക്ക് മൂന്ന് സീറ്റും എന്ന ധാരണ അവർ വിജയകരമായി നടപ്പിലാക്കി. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർവകലാശാലകളിൽ ബിജെപിക്കാരായ വൈസ് ചാൻസലർമാരും സെനറ്റ് അംഗങ്ങളും നിയമിക്കപ്പെട്ടു. ആർഎസ്എസ് മേധാവിയുടെ പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കാളികളായി.
മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനങ്ങളിൽ പോലും ആർഎസ്എസുകാർ കടന്നുകയറിയെന്ന് കോൺഗ്രസുകാർ തന്നെ പരാതി പറയുന്നു. പേഴ്സണൽ സ്റ്റാഫ്, ഗവൺമെന്റ് പ്ലീഡർ തുടങ്ങി വിവിധ തസ്തികകളിൽ ആർഎസ്എസിന്റെ നോമിനികൾ നിയമിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ ബിജെപിക്ക് കേരളം ഭരിക്കാൻ കഴിയും എന്ന് അവരുടെ ചില നേതാക്കൾ പറഞ്ഞത് യാഥാർത്ഥ്യമാവുകയാണ്. ബിജെപിയുടെ ഇഷ്ടങ്ങൾ നിർവഹിച്ചു കൊടുക്കുന്ന അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറുന്നുവെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.










0 comments