ad
Deshabhimani

വെനസ്വേലയുടെ 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്ക വിൽക്കും; പണം താൻ നിയന്ത്രിക്കുമെന്നും ട്രംപ്

Donald Trump

ഡോണാൾഡ് ട്രംപ് | Photo:AFP

വെബ് ഡെസ്ക്

Published on Jan 07, 2026, 09:18 AM | 1 min read

വാഷിങ്ടൺ ഡിസി: വെനസ്വേലയിലെ അധിനിവേശത്തിനുപിന്നാലെ ലക്ഷ്യം മറയില്ലാതെ വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെനസ്വേലയുടെ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ ഉയർന്ന നിലവാരമുള്ള എണ്ണ അമേരിക്ക വിൽ‌ക്കുമെന്നും, അതുവഴി ലഭിക്കുന്ന പണം യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താൻ നിയന്ത്രിക്കുമെന്നും ട്രംപ് തുറന്നുപറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.


പദ്ധതി ഉടനടി നടപ്പിലാക്കാൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റിനോട് ട്രംപ് ആവശ്യപ്പെട്ടു. വെനസ്വേലയിൽനിന്ന് കപ്പലുകൾ വഴി ഈ എണ്ണ നേരിട്ട് അമേരിക്കയിൽ എത്തിക്കും. വിപണിവിലയ്ക്ക് അമേരിക്ക എണ്ണ വിൽക്കുമെന്നും ട്രംപ് പറഞ്ഞു.


അട്ടിമറിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കിയതിനുശേഷമുള്ള ട്രംപിൻ‌റെ പുതിയ നീക്കമാണ് എണ്ണവിൽപ്പന. വെനസ്വേലയുടെ സ്വത്ത് കൊള്ളയടിക്കുക എന്ന പ്രധാനലക്ഷ്യത്തിന്റെ ഭാ​ഗമായിരുന്നു അധിനിവേശ നടപടി.


രാജ്യത്തിന്റെ പരമാധികാരം കാക്കാൻ സാധ്യമായതെന്തും ചെയ്യുമെന്ന്‌ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ഡെൽസി റോഡ്രിഗസ് വെനസ്വേലൻ ജനതയ്ക്ക് ഉറപ്പുനല്‍കി. ഇടക്കാല പ്രസിഡന്റിന് ബൊളിവാറിയൻ നാഷണൽ ആംഡ് ഫോഴ്‌സ് അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്‌ മുന്നിലുള്ള ദുഷ്‌കരമായ ദ‍ൗത്യത്തിൽ ഇടക്കാല പ്രസിഡന്റ്‌ ഡെൽസി റോഡ്രിഗസിനൊപ്പം നിൽക്കുമെന്ന് പ്രതിരോധ മന്ത്രി ജനറൽ ഇൻ ചീഫ് വ്‌ളാഡിമിർ പാഡ്രിനോ ലോപ്പസ് വ്യക്തമാക്കി. പുതിയ അട്ടിമറി നീക്കം ചെറുക്കാന്‍ സൈന്യം നിതാന്ത ജാഗ്രതയിലാണ്‌.


അതേസമയം, അമേരിക്കയുടെ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള യുഎൻ രക്ഷാസമിതി അംഗങ്ങൾ, അമേരിക്കന്‍ നടപടിയെ ശക്തമായി അപലപിച്ചു. മെക്‌സിക്കോയും ഡെന്മാർക്കും ഫ്രാൻസും അമേരിക്കയെ തള്ളിപ്പറഞ്ഞു. അമേരിക്ക രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശവും കാറ്റില്‍പറത്തിയെന്ന് യുഎന്നിന്റെ മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമീഷൻ വിമര്‍ശിച്ചു.


ട്രംപിനെതിരെ ലോകമെന്പാടും പ്രതിഷേധം അലയടിക്കുകയാണ്. തൊഴിലാളി യൂണിയനുകളുടെയും വിദ്യാർഥി–യുവജന സംഘടനകളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ്‌ പ്രതിഷേധങ്ങൾ നടന്നത്‌. ബെൽജിയം, ക്യൂബ, അർജന്റീന, കൊളംബിയ, ഇക്വഡോർ, മെക്‌സിക്കോ, പ്യൂർട്ടോ റിക്കോ, ഉറുഗ്വേ, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളില്‍ ആയിരങ്ങൾ തെരുവിലിറങ്ങി. അമേരിക്കയിലും ട്രംപിനെതിരെ വന്‍ ബഹുജനമുന്നേറ്റമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home