ഇറാനെതിരെ യുഎസ് ആക്രമണം; ലക്ഷ്യമാക്കിയത് ആണവ കേന്ദ്രങ്ങൾ

ടെഹ്റാൻ : ഇസ്രയേലിനു പിന്നാലെ ഇറാനെതിരെ കടന്നാക്രമണം നടത്തി അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫോർദോ, നഥാൻസ്, എസ്ഫാൻ ആണവ നിലയങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്‌ചക്കകം അമേരിക്ക സൈനിക നടപടി പരിഗണിക്കുമെന്നാണ് ട്രംപ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇറാനിൽ കടന്നാക്രമണം നടത്തുകയായിരുന്നു.
ഇറാനിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതിനു ശേഷം പത്താം ദിവസമാണ് അമേരിക്ക ഇറാനിൽ നേരിട്ട് ആക്രമണം നടത്തുന്നത്. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു.

ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിപ്പോർട്ടുകളുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത് ചെയ്യാനാകില്ലെന്നും ഇനി സമാധാനത്തിന്റെ സമയമാണെന്നും ട്രംപ് തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു. അമേരിക്കൻ സൈനികരെ അഭിനന്ദിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
യുഎസ് ആക്രമണത്തിന്റെ മറ്റ് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയെന്ന വാർത്ത വന്നത്. ഇറാനെ കടന്നാക്രമിക്കുന്ന ഇസ്രയേലുമായി കൈകോര്‍ക്കാനാണ് അമേരിക്കയുടെ നീക്കമെങ്കില്‍ "അത് എല്ലാവര്‍ക്കും അപകടം ചെയ്യു'മെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകിയിരുന്നു.









0 comments