ad
Deshabhimani

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പിൽനിന്നുള്ള വാഹനങ്ങൾക്ക് തീരുവ 25 ശതമാനമാക്കും

Donald Trump

PHOTO: AFP

വെബ് ഡെസ്ക്

Published on May 02, 2026, 07:07 AM | 1 min read

വാഷിങ്ടൺ ഡി സി: യൂറോപ്യൻ യൂണിയനുമായുള്ള (ഇയു) വ്യാപാര സംഘർഷം രൂക്ഷമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇയുവിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കും മേലുള്ള താരിഫ് 25 ശതമാനമായി വർധിപ്പിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം.


"പൂർണമായും സമ്മതിച്ച വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ല. അടുത്ത ആഴ്ച മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും ഈടാക്കുന്ന താരിഫ് വർദ്ധിപ്പിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,"- ട്രംപ് പറഞ്ഞു. വാഹന നിർമാതാക്കൾ അമേരിക്കയിലെ പ്ലാന്റുകളിൽ ഉൽപ്പാദനം നടത്തുകയാണെങ്കിൽ താരിഫ് നൽകേണ്ടി വരില്ലെന്നും ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു.


അതേസമയം, ട്രംപിന്റെ പ്രഖ്യാനത്തോട് യൂറോപ്യൻ കമീഷൻ പ്രതികരിച്ചു, യൂറോപ്യൻ യൂണിയന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ വഴികളും തേടുമെന്നും, തങ്ങൾ കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും കമീഷൻ അറിയിച്ചു. നികുതി വർധനവ് സംബന്ധിച്ച ഔദ്യോഗിക രേഖകൾ പുറത്തുവന്നതിന് ശേഷം മാത്രമേ പ്രതികരണം ഉണ്ടാവുകയുള്ളൂ എന്ന് യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ അറിയിച്ചു.


സ്കോട്ട്ലൻഡിൽ വെച്ച് യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ മിക്ക യൂറോപ്യൻ ഉൽപ്പന്നങ്ങൾക്കും 15% നികുതി നിശ്ചയിച്ചുകൊണ്ടുള്ള കരാറിൽ ഏർപ്പെട്ട് ഒരു വർഷം തികയുന്നതിന് മുൻപാണ് ട്രംപിന്റെ ഈ നടപടി. ഡാനിഷ് പ്രദേശമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇരുപക്ഷവും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home