ഒബാമയെയും ഭാര്യയെയും വാനരൻമാരായി ചിത്രീകരിച്ച് പോസ്റ്റ്,മാപ്പ് പറയില്ലെന്ന് ട്രംപ്

വാഷിങ്ടൺ: മുൻ പ്രസിഡന്റ് ബറാക് ഒബാമയെയും അന്നത്തെ ഫസ്റ്റ് ലേഡി മിഷെൽ ഒബാമയെയും കുരങ്ങന്മാരായി ചിത്രീകരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ച വീഡിയോ വിവാദമായി. റിപ്പബ്ലിക്കൻ,ഡെമോക്രാറ്റിക് നേതാക്കളടക്കം വ്യാപക വിമർശനം ഉയർത്തിയതോടെ വീഡിയോ പിന്നീട് നീക്കം ചെയ്തു. എന്നാൽ പോസ്റ്റ് പങ്കുവെച്ചതിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും ട്രംപ് പ്രതികരിച്ചു.
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ടിംഗ് തട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾ ആവർത്തിക്കുന്ന വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങന്മാരുടെ ദേഹത്ത് പതിപ്പിച്ച ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത്. ഇതിനെതിരെ പൗരാവകാശ സംഘടനകളും റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാക്കളും ഉൾപ്പെടെ ശക്തമായി രംഗത്തെത്തി.
വെള്ളിയാഴ്ച രാവിലെ വൈറ്റ് ഹൗസ് ഈ പോസ്റ്റ് ഒരു ജീവനക്കാരൻ അബദ്ധത്തിൽ പങ്കുവെച്ചതാണെന്ന് വിശദീകരിച്ച് ന്യായീകരിക്കാൻ ശ്രമിച്ചു. വിമര്‍ശനം ശക്തമായതോടെ പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തു.
ഇതോടെ അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരെ മൃഗങ്ങളുമായി താരതമ്യം ചെയ്യുന്ന വംശീയ ചരിത്രം വീണ്ടും ചർച്ചയായിരിക്കുകയാണ്.കോൺഗ്രസ് ബ്ലാക്ക് കോക്കസ് അധ്യക്ഷ യവറ്റ് ക്ലാർക്ക് വൈറ്റ് ഹൗസിന്റെ വിശദീകരണം വെറും ന്യായീകരണം എന്ന് തള്ളിക്കളഞ്ഞു. നാഷണൽ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്‌മെന്റ് ഓഫ് കളർഡ് പീപ്പിൾ (NAACP)ഈ വീഡിയോയെ “അത്യന്തം നിന്ദ്യമായത്” എന്ന് വിശേഷിപ്പിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ പോലും വിമർശനങ്ങൾ ഉയർന്നത് ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും അതിന് പിന്നിലെ മനോഭാത്തെ കുറിച്ചും ചർച്ചകൾക്ക് ഇടയാക്കി.










0 comments