ട്രംപ് പുടിൻ കൂടിക്കാഴ്ച ഇന്ന്, ഇന്ത്യയ്ക്കും നിർണ്ണായകം

മോസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് അലാസ്കയിൽ നടക്കും.
യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കളുമായി ബുധനാഴ്ച വെർച്വൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് ട്രംപ് ചർച്ചയ്ക്ക് എത്തുന്നത്. മൂന്നു വർഷമായി തുടരുന്ന റഷ്യ യുക്രൈൻ യുദ്ധത്തിന് പരിഹാരം തേടിയാണ് ചർച്ച. നേതാക്കൾ തമ്മിലുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഇരുപക്ഷത്തെയും പ്രതിനിധി ചർച്ചയും സംയുക്ത മാധ്യമ സമ്മേളനവും ഉണ്ടാവും.
റഷ്യയിൽ നിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് യുഎസ് 50 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ വ്യാപാരപങ്കാളികളെ യുഎസ് വേട്ടയാടുന്നത് അംഗീകരിക്കില്ലെന്ന് റഷ്യ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കും ചർച്ച നിർണ്ണായകമാണ്. റഷ്യയ്ക്ക് എതിരെ ഭീഷണി മുഴക്കിയാണ് ട്രംപ് ചർച്ചയ്ക്ക് എത്തുന്നത്. വഴങ്ങിയില്ലെങ്കിൽ വലിയ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരും എന്നായിരുന്നു വാക്കുകൾ.
അലാസ്കൻനഗരമായ ആങ്കറേജിനടുത്തുള്ള യുഎസ് സേനയുടെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സൺ (ജെബിഇആർ) താവളത്തിലാണ് ചർച്ച. റഷ്യയിൽനിന്ന് 1867-ൽ യുഎസ് വാങ്ങിയ പ്രദേശമാണ് അലാസ്ക.
യുക്രൈനിന് യുദ്ധത്തോടെ നഷ്ടമായ ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഹെർസോൺ, സപൊറീഷ എന്നീ നാല് പ്രവിശ്യകളും നേരത്തെ 2014-ലെ യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്ത ക്രമിയയും സംബന്ധിച്ച നിലപാട് ചർച്ചയുടെ ഗതി നിർണ്ണയിക്കും. സെലൻസ്കിയെ പങ്കെടുപ്പിക്കാതെ ചർച്ച നടത്തുന്നതിൽ യൂറോപ്യൻ യൂണിയൻ എതിർപ്പ് പ്രകടമാക്കിയിരുന്നു.
ചർച്ചയുടെ ഒരുക്കങ്ങൾ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിൽ അലാസ്കയിൽ നടക്കുന്ന യുക്രൈൻ സമാധാനചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഭീഷണി മുഴക്കിയിരുന്നു.
റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻയുദ്ധത്തിന് സഹായിക്കുന്നു എന്നാരോപിച്ച് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം പ്രതികാര ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യക്കുള്ള ആകെ തീരുവ 50 ശതമാനമായി.









0 comments