ഉക്രയ്ൻ യുദ്ധം
ചർച്ച നടത്തി പുടിനും ട്രംപും; അന്തിമ കരാറിലെത്തിയില്ല

ആങ്കറിച്ച്: ഉക്രയ്‍ൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചർച്ച നടത്തി. അമേരിക്കയിലെ അലാസ്‍കയിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്. ചർച്ചയ്ക്കെത്തിയ ഇരുനേതാക്കളും സേനാതാവളത്തിൽ മാധ്യമങ്ങൾക്കുമുന്നിൽ ഹസ്തദാനം ചെയ്തു. ഒരേ കാറിലാണ് ചർച്ച നടക്കുന്ന വേദിയിലേക്ക് ഇരുവരും പുറപ്പെട്ടത്. ചർച്ച മൂന്നു മണിക്കൂർ നീണ്ടു. തുടർന്ന് ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്തി.
ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുവരും പറഞ്ഞു. ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, പശ്ചിമേഷ്യയിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പുടിനൊപ്പം വിദേശമന്ത്രി സെർജി ലവ്‍റോവ്, വിദേശനയ ഉപദേഷ്‍ടാവ് യുറി ഉഷ്‍കോവ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കളുമായി ബുധനാഴ്ച വെർച്വൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് ട്രംപ് ചർച്ചയ്ക്കെത്തിയത്. റഷ്യയിൽ നിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് യുഎസ് 50 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ വ്യാപാരപങ്കാളികളെ യുഎസ് വേട്ടയാടുന്നത് അംഗീകരിക്കില്ലെന്ന് റഷ്യ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയും ചർച്ച ഉറ്റുനോക്കിയിരുന്നു.









0 comments