ഇടക്കാല തെരഞ്ഞെടുപ്പിൽ മേൽക്കൈ ഉറപ്പാക്കാൻ ആവശ്യം
വീണ്ടും ഇംപീച്ച്മെന്റ് നേരിടേണ്ടി വരുമെന്ന ആശങ്കയുമായി ട്രംപ്

വാഷിങ്ടൺ: ഈ വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ യു എസ് കോൺഗ്രസിൽ മേൽക്കൈ നിലനിർത്താനായില്ലെങ്കിൽ തന്നെ ഡെമോക്രാറ്റുകൾ ഇംപീച്ച് ചെയ്യുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന റിപ്പബ്ലിക്കൻ എംപിമാരുടെ യോഗത്തിലാണ് ട്രംപ് ആശങ്ക പരസ്യമാക്കിയത്.
ഈ വർഷം നവംബറിലാണ് യുഎസിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ, പ്രസിഡന്റ് സ്ഥാനം നഷ്ടമാവില്ലെങ്കിലും സഭയിൽ നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യമല്ലാതാവുന്ന സാഹചര്യം വരാം. നിയമനിർമാണങ്ങൾക്ക് നിർണായകമായ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ മേൽക്കൈ നേടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. മാത്രമല്ല ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള കോൺഗ്രസിന് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങാൻ എളുപ്പമാവുകയം ചയ്യും.
യുഎസ് ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളുടെ മൂന്നിൽ ഒരു ഭാഗം സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുക.
വെനസ്വേലയിൽ ഉടക്ക്
വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡുറോയെ ബന്ദിയാക്കിയത് ഉൾപ്പെടെയള്ള വിഷയങ്ങളിൽ ഡെമോക്രാറ്റുകൾക്കിടയിൽ അതൃപ്തിയുണ്ട്. ഇംപീച്ച്‌മെന്റ് ആവശ്യങ്ങൾ പരസ്യമായി ഉയർത്തിയിട്ടുമുണ്ട്. മേരിലാൻഡിൽനിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗം ഏപ്രിൽ മക്ലൈൻ ഡെലാനി ഡെമോക്രാറ്റിക് കോക്കസിനോട് ഇംപീച്ച്മെന്റ് നടപടി ആരംഭിക്കാൻ ആവശ്യപ്പെട്ട് പരസ്യമായി രംഗത്ത് എത്തിയിരുന്നു.
രാജ്യം തെറ്റായ പാതയിലാണെന്നും സമ്പദ്‌വ്യവസ്ഥ വെല്ലുവിളിയിലാണെന്നും മിക്ക വോട്ടർമാരും കരുതുന്നതായി കഴിഞ്ഞ ദിവസം ഒരു പോൾ ഫലം പുറത്തു വിട്ടിരുന്നു. ട്രംപിന്റെ രണ്ടാം ടേമിന്റെ അവസാന രണ്ട് വർഷങ്ങൾ ആശങ്കയിലാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.
രണ്ട് ഇംപീച്ച്മെന്റുകൾ നേരിട്ട ഏക യു എസ് പ്രസിഡന്റാണ് ട്രംപ്.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡുറോയെ ബന്ദിയാക്കിയ യുഎസ് നടപടി വാഷിംഗ്ടണിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോൺഗ്രസിനെ ഇരുട്ടിൽ നിർത്തിയാണ് നടപടിയെന്ന് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ വിമർശിച്ചിരുന്നു.
റിപ്പബ്ലിക്കൻ അംഗങ്ങൾ തന്നെ ഇക്കാര്യത്തിൽ ഭിന്നിച്ചിരിക്കുന്നതായി വാർത്തയുണ്ടായി. അമേരിക്കയിൽ മഡുറോ വിചാരണ നേരിടണം. ഇക്കാലയളവിൽ യു എസ് താൽക്കാലികമായി വെനിസ്വേല ഭരിക്കും എന്നിങ്ങനെയാണ് ട്രംപ് പക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ഈ നടപടി ഭരണഘടനാപരവും രാഷ്ട്രീയവുമായ നിയമ പ്രതിസന്ധികൾക്ക് ഇടയാക്കും എന്ന് വിമർശകർ ആരോപിച്ചു.










0 comments