വെടിവച്ചത് വാഹനമിടിപ്പിക്കാൻ ശ്രമിച്ചതിന്; യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ട്രംപ്

വാഷിങ്ടൺ : അമേരിക്കയിൽ ഇമിഗ്രേഷൻ ഏജന്റ് യുവതിയെ വെടിവച്ചുകൊന്ന സംഭവത്തിൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉദ്യോഗസ്ഥർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതിനെത്തുടർന്നാണ് വെടിവച്ചതെന്നും ജീവൻ രക്ഷിക്കാനായി വെടിവച്ചതാണെന്നുമാണ് ട്രംപിന്റെ ന്യായം. സംഭവത്തിന്റെ വീഡിയോ കണ്ടതായി പറഞ്ഞ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ യുവതിയെ അക്രമകാരിയെന്നും ഉദ്യോഗസ്ഥൻ സ്വയം പ്രതിരോധത്തിനായി വെടിവച്ചതായാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത് എന്നും പറഞ്ഞു. സാഹചര്യം പൂർണ്ണമായും അവലോകനം ചെയ്യുകയാണെന്നും ഫെഡറൽ ഏജന്റുമാരെ പിന്തുണയ്ക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ബോധ്യമായിട്ടും അക്രമത്തെ ന്യായീകരിച്ച് തടിതപ്പുകയാണ് ട്രംപ്. 37കാരിയായ റെനി നിക്കോൾ ഗുഡ് ആണ് മിനിയാപൊളിസിൽ കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥർക്കിടയിലേക്ക് ഇടിച്ചുകയറ്റിയതിനാലാണ് വെടിവച്ചതെന്ന് പറഞ്ഞ് സംഭവത്തിനു തൊട്ടുപിന്നാലെ തന്നെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. എന്നാൽ റോഡിനു നടുക്ക് നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് ഉദ്യോഗസ്ഥർ നടന്നെത്തുന്നതും കാർ ഓടിച്ചുപോകാൻ ശ്രമിക്കുമ്പോൾ ഒരാൾ തോക്കെടുത്ത് വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഉദ്യോഗസ്ഥരെല്ലാം കാറിൽ നിന്ന് അകലെയാണ് നിൽക്കുന്നതെന്നും ഉദ്യോഗസ്ഥർക്കു നേരെ കാറോടിച്ച് കയറ്റിയില്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമായിട്ടും അമേരിക്കൻ പ്രസിഡന്റടക്കം ക്രൂരതയെ ന്യായീകരിക്കുകയാണ്.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികളുടെ ഭാഗമായി മിനസോട്ട സംസ്ഥാനത്തെ മിനിയാപൊളിസിലേക്ക് നൂറുകണക്കിന് ഐസിഇ ഏജന്റുമാരെ വിന്യസിച്ചിട്ടുണ്ട്. ഇവരാണ് തോക്കുമായി റോന്തുചുറ്റി അതിക്രമം കാട്ടുന്നത്. ഏജന്റ് സ്‌ത്രീക്കുനേരെ അശ്രദ്ധമായി വെടിവക്കുകയായിരുന്നെന്ന് ഡെമോക്രാറ്റിക് മേയർ ജേക്കബ് ഫ്രേ പറഞ്ഞു. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നു. എഫ്ബിഐ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.










0 comments