ad
Deshabhimani

സമ്പന്നര്‍ക്കു മാത്രം യുഎസ് പൗരത്വം: 'ഗോൾഡ് കാർഡ്' വെബ്സൈറ്റ് തുറന്ന് ട്രംപ്

gold card trump
വെബ് ഡെസ്ക്

Published on Jun 12, 2025, 01:12 PM | 2 min read

വാഷിങ്ടൺ : 50 ലക്ഷം ഡോളറിന് (43 കോടി ഇന്ത്യൻ രൂപ) അമേരിക്കൻ പൗരത്വം നൽകുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ഗോൾഡ് കാർഡിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യുന്ന സമ്പന്ന കുടിയേറ്റക്കാർക്ക് കാർഡിനായുള്ള വെയിറ്റിങ് ലിസ്റ്റിൽ ഇടം ലഭിക്കും. പ്രീമിയം യുഎസ് റെസിഡൻസി വിസയെന്നാണ് ​ഗോൾഡ് കാർഡിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. ട്രംപ് കാർഡിനായി പുതിയ വെബ്‌സൈറ്റ് ഔദ്യോഗികമായി ആരംഭിച്ചു.


"അഞ്ച് മില്യൺ ഡോളർ നൽകിയാൽ ട്രംപ് കാർഡ് ലഭിക്കും!" ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അമേരിക്കയിലേക്ക് പ്രവേശനം ലഭിക്കാനായി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ആയിരങ്ങളാണ് വിളിക്കുന്നതെന്നും ട്രംപ് അവകാശപ്പെടുന്നു.


"ഗോൾഡ് കാർഡ്" എന്നും അറിയപ്പെടുന്ന "ട്രംപ് കാർഡ്" പരമ്പരാഗത ഗ്രീൻ കാർഡിന് ബദലായി ട്രംപ് അവതരിപ്പിച്ചതാണ്. 5 മില്യൺ ഡോളർ നൽകുന്നതോടെ സ്ഥിരമായ യുഎസ് റെസിഡൻസിയാണ് കാർഡ് നൽകുന്നത്. പൗരത്വം അല്ലെങ്കിലും പൗരത്വത്തിലേക്കുള്ള ഒരു വഴി ഇത് നൽകുന്നുവെന്നാണ് ട്രംപിന്റെ വാദം.


അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് നിരവധി ജനങ്ങളെ നാടുകടത്തുന്നതിനിടെയാണ് സമ്പന്ന കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം നൽകാനുള്ള പദ്ധതിയുമായി ട്രംപ് എത്തിയത്. ഈ ട്രംപ് കാർഡുകൾ വഴി ​ഗ്രീൻ കാർഡ് റസിഡൻസി സ്റ്റാറ്റസ് ലഭിക്കുമെന്നും അങ്ങനെ വിദേശികൾക്ക് അമേരിക്കൻ പൗരൻമാരാകാമെന്നുമാണ് ട്രംപിന്റെ വാദം. ഏകദേശം 1 മില്യൺ കാർഡുകൾ (10 ലക്ഷം) ഇപ്രകാരം വിറ്റുപോകുമെന്നാണ് ട്രംപ് സർക്കാർ പറയുന്നത്.


ദേശീയ കടം തീർക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ട്രംപ് പറയുന്നത്. വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്കായുള്ള ഇബി- 5 (ഇമി​ഗ്രന്റ് ഇൻവെസ്റ്റേഴ്സ് വിസ പ്രോ​ഗ്രാം- EB-5) പ്രോ​ഗ്രാമിന് പകരമെന്ന നിലയിലാണ് പുതിയ ​ഗോൾഡ് കാർഡ് നടപ്പാക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. വ്യവസായ സംരംഭങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് അമേരിക്കയിൽ സ്ഥിര താമസം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇബി -5.


'ഞങ്ങൾ ​ഗോൾഡ് കാർഡുകൾ വിൽക്കാനൊരുങ്ങുകയാണ്. 5 മില്യൺ ഡോളറാണ് വിലയിട്ടിരിക്കുന്നത്. ​ഗ്രീൻ കാർഡിന് തുല്യമായ പരി​ഗണകളെല്ലാം പുതിയ പൗരത്വ കാർഡിലൂടെ ലഭിക്കും. സമ്പന്നരായവർക്ക് മാത്രം അമേരിക്കയിലേക്ക് സ്വാ​​ഗതം' എന്നാണ് ​ഗോൾഡ് കാർഡിന്റെ പ്രഖ്യാപനവേളയിൽ ട്രംപ് പറഞ്ഞത്. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അമേരിക്കൻ പൗരൻമാരാകാമെന്നും പക്ഷേ സമ്പന്നരായിരിക്കണമെന്നുമാണ് പ്രസിഡന്റിന്റെ നയം.


യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമി​ഗ്രന്റ് സർവീസിന്റെ കീഴിലുള്ള ഇബി-5 പ്രോ​ഗ്രാം 1990 മുതലാണ് ആരംഭിച്ചത്. എന്നാൽ ഇതിനെ അസംബന്ധം എന്നാണ് ട്രംപും മറ്റ് ഉദ്യോ​ഗസ്ഥരും വിശേഷിപ്പിച്ചത്. അധികം പണച്ചിലവില്ലാതെ ​ഗ്രീൻ കാർഡ് ലഭിക്കുന്ന മാർ​ഗമാണ് ഇബി - 5 എന്നും അതിനെ അവസാനിപ്പിക്കുകയാണെന്നും കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞിരുന്നു.


അധികാരത്തിലേറിയതിനു ശേഷം നിരവധി ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ട്രംപ് നടത്തുന്നത്. അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരെയാണ് ട്രംപ് സർക്കാർ നാടുകടത്തിയത്. കൈകാലുകൾ വിലങ്ങും ചങ്ങലയും ഉപയോ​ഗിച്ച് ബന്ധിച്ച് അങ്ങേയറ്റം മനുഷ്യത്വ രഹിതമായ രീതിയിലാണ് ട്രംപ് ജനങ്ങളെ നാടുകടത്തിയത്. മൂന്നു സെനികവിമാനങ്ങളിലായി 300ലധികം ഇന്ത്യക്കാരെ ഇതിനകം നാടുകടത്തി. ഇതിനു പിന്നാലെയാണ് സമ്പന്നർ മാത്രം അമേരിക്കയിൽ താമസിച്ചാൽ മതിയെന്ന പുതിയ തീരുമാനം നടപ്പാക്കാനായി ട്രംപ് എത്തുന്നത്.













deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home