പ്രസിഡന്റിന് സമാധാന നൊബേൽ ലക്ഷ്യം
പ്രതികാര ചുങ്കം യുദ്ധ സമാധാനത്തിനെന്ന ന്യായീകരണവുമായി അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയ്ക്ക് മേൽ ഇരട്ട പ്രതികാര ചുങ്കം ചുമത്തിയതിന് പുതിയ ന്യായീകരണവുമായി അമേരിക്ക. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ച സമ്മർദ്ദ തന്ത്രമായിരുന്നു ഇതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ചൊവ്വാഴ്ച, റഷ്യൻ എണ്ണ വീണ്ടും വിൽക്കുന്നതിലൂടെ ഇന്ത്യ ലാഭം കൊയ്യുന്നു എന്ന് ആരോപിച്ചതിന് തൊട്ട് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ പുതിയ ന്യായം. ചൈനയെ ഇരട്ടി നിരക്കിൽ നിന്ന് ഒഴിവാക്കുകയും ഇന്ത്യയ്ക്ക് മേൽ 25 ശതമാനം ചുങ്കം പ്രഖ്യാപിക്കയും പിന്നീട് അത് 50 ശതമാനമായി ഉയർത്തുകയും ചെയ്തത് അന്താരാഷ്ട്ര നയതന്ത്ര മേഖലകളിൽ ചർച്ചയായിരുന്നു.
ചൈന "അവരുടെ എണ്ണയുടെ കൈകാര്യത്തിൽ വൈവിധ്യവൽക്കരണം" നടത്തിയെന്ന് പറഞ്ഞാണ് ഇരട്ടത്താപ്പിനെ അമേരിക്ക ആദ്യം നേരിട്ടത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനുശേഷം റഷ്യയില്‍ നിന്നുള്ള ചൈനയുടെ എണ്ണ ഇറക്കുമതി 3% മാത്രമേ വർദ്ധിച്ചിട്ടുള്ളൂവെന്നും അതേസമയം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 40%-ലധികമാണെന്നും കണക്ക് പറഞ്ഞു.
“ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് വ്യാപാരത്തെ വളരെ ശക്തമായ രീതിയിൽ ലിവറേജ് ആയി ഉപയോഗിച്ചു”വെന്ന് കരോലിൻ ലീവിറ്റ് നേരത്ത ട്രംപ് ഉയർത്തിയ അതേ വാദം മാധ്യമ സമ്മേളനത്തിൽ ആവർത്തിക്കയും ചെയ്തു.
വാഷിംഗ്ടണിന്റെ മധ്യസ്ഥതയിൽ "നീണ്ട രാത്രി" നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും "പൂർണ്ണവും ഉടനടിയുള്ളതുമായ" വെടിനിർത്തലിന് സമ്മതിച്ചു. ഇതിന് വ്യാപാരം ഉപാധിയാക്കി എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. 40 തവണയിൽ കൂടുതൽ തന്റെ അവകാശവാദം ട്രംപ് ആവർത്തിച്ചതായി ബ്ലൂം ബെർഗ് റിപ്പോർട് ചെയ്തു.
വിലകുറഞ്ഞ എണ്ണ വാങ്ങി ഒരു ഉൽപ്പന്നമായി വീണ്ടും വിൽക്കുന്നതിലൂടെ ഇന്ത്യയും രാജ്യത്തെ ചില സമ്പന്ന കുടുംബങ്ങളും ലാഭം കൊയ്യുകയാണ് എന്നായിരുന്നു സ്കോട്ട് ബെസെന്റ് ചൊവ്വാഴ്ച പ്രതികരിച്ചത്. ഇതിനെ പ്രതിരോധിച്ച് പ്രതികാര ചുങ്കം യുദ്ധ സമാധാനത്തിന് ആയിരുന്നു എന്ന പുതിയ വാദമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മുന്നോട്ട് വെച്ചത്.
നേരത്തെ പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമെ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന 25% അധിക പ്രതികാര നിരക്ക് ഇപ്പോഴും പ്രഖ്യാപനത്തിൽ തന്നെ നിലനിൽക്കുകയാണ്.








0 comments