ഇറാനിലെ ആക്രമണം ഇസ്രയേലിന്റെ ഒറ്റയ്ക്കുള്ള നീക്കം; ഖത്തറിനെ തൊട്ടാൽ കളി മാറുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ സൗത്ത് പാഴ്സിന് നേരെ ഇസ്രയേൽ നടത്തിയത് തങ്ങളുടെ അറിവോടുകൂടിയുള്ള നീക്കമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നും ഇസ്രയേൽ സ്വന്തം നിലയ്ക്കാണ് ഇത് ആസൂത്രണം ചെയ്തതെന്നുമാണ് ട്രംപിന്റെ ന്യായീകരണം.
അതേസമയം, ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായി ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തിനെതിരെ ട്രംപ് ഭീഷണിയുയർത്തി. ഖത്തറിലെ തന്ത്രപ്രധാനമായ ഊർജ്ജ സ്രോതസ്സുകൾക്കോ അവിടെയുള്ള അമേരിക്കൻ താൽപ്പര്യങ്ങൾക്കോ നേരെ ഇറാൻ ആക്രമണം നടത്തിയാൽ ഇറാന്റെ വാതകപ്പാടം പൂർണ്ണമായും തകർത്തുകൊണ്ട് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവ-ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും എന്നാൽ ഇസ്രയേലിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും ട്രംപ് പറഞ്ഞു. ഗൾഫ് മേഖലയിലെ പ്രധാന സമാധാന പങ്കാളിയായ ഖത്തറിനെ ആക്രമിക്കുന്നത് അനുവദിക്കില്ല. ഖത്തറിന് നേരെ മിസൈൽ വിട്ടാൽ ഇറാന്റെ സൗത്ത് പാഴ്സ് വാതകപ്പാടം ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
മേഖലയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും യുദ്ധം ആഗോള വിപണിയെ തകർക്കുന്നുവെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിന് ചുക്കാൻ പിടിച്ചശേഷം ട്രംപിന്റെ ഈ പ്രസ്താവനയ്ക്കും ഭീഷണികൾക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇറാന്റെ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചതിന് പിന്നാലെ മേഖലയിൽ സംഘർഷം പുകയുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെടുന്നത് തടയാൻ അമേരിക്കൻ നാവികസേന ജാഗ്രതയിലാണെന്നും അദ്ദേഹം അറിയിച്ചു.









0 comments