print edition ‘വെനസ്വേല ആക്ടിങ് പ്രസിഡന്റ്’ താനെന്ന് ട്രംപ്

ന്യൂയോർക്ക്
"വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന വിശേഷണത്തോടെ ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ 45, 47 പ്രസിഡന്റ് എന്ന പദവിയും ഒപ്പം ചേർത്തിട്ടുണ്ട്. വെനസ്വേലയ്‌ക്കെതിരെ കടന്നാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഭാര്യ സിലിയ ഫ്ലോറസിനൊപ്പം ന്യൂയോർക്കിലേക്ക് കടത്തിക്കൊണ്ടുപോയ ശേഷമാണ് ട്രംപ് സ്വയം പ്രഖ്യാപിത ഭരണാധികാരിയാകുന്നത്.
മാറ്റം സാധ്യമാകുംവരെ വെനസ്വേലയെ യുഎസ് ഭരിക്കുമെന്നും അഞ്ചുകോടി ബാരൽ എണ്ണ തങ്ങൾ വിൽക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ കടുത്ത പ്രതിസന്ധിയിലും ചെറുത്തുനിൽക്കുകയാണ് വെനസ്വേല. പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസ് സർക്കാര്‍ ഭരണനടപടികൾ ഉൗർജിതപ്പെടുത്തി. സൈന്യവും മന്ത്രിമാരും ഒന്നടങ്കം ബൊളിവാറിയൻ വിപ്ലവപാതയോട് അചഞ്ചലമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലയുറപ്പിച്ചു. ഇതോടെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മറ്റൊരു ഭരണസംവിധാനത്തെ അവരോധിക്കാനുള്ള യുഎസ് നീക്കം പാളി. വിവിധ നഗരങ്ങളിൽ മഡുറോയുടെ മോചനം ആവശ്യപ്പെട്ട് പ്രകടനങ്ങൾ തുടരുകയാണ്.
പ്രസിഡന്റായശേഷം 8 യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റായശേഷം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും സമാധാന നൊബൽ സമ്മാനം ലഭിച്ചില്ലെന്നും ട്രംപ് പരാതിപ്പെട്ടു. "എട്ട് യുദ്ധം ഞാൻ അവസാനിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് എട്ട് യുദ്ധങ്ങളിൽ ഒന്നായിരുന്നു’– ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇത്രയും യുദ്ധങ്ങൾ മറ്റാരും അവസാനിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ ട്രംപ് 2009ൽ മുൻ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് സമാധാന നോബൽ നൽകിയതിനെ പരിഹസിച്ചു. ഒബാമയ്ക്ക് അതു ലഭിച്ചത് എന്തിനാണെന്ന് അദ്ദേഹത്തിനുപോലും അറിയില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
2025 മെയ് 10ന് അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കു ശേഷം ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് സമൂഹമാധ്യമത്തിൽ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം അദ്ദേഹം 80 തവണ ഈ അവകാശവാദം ട്രംപ് ഉന്നയിച്ചിട്ടുണ്ട്.










0 comments