"ഞാൻ പറഞ്ഞാൽ ഇസ്രായേൽ യുദ്ധം നിർത്തും": പുതിയ അവകാശവാദവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ : ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ തന്റെ വെറുമൊരു ആജ്ഞാനുവർത്തി മാത്രമാണെന്ന് വീമ്പിളക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ഉത്തരവിട്ടാൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുമെന്നും 'ഞാൻ പറയുന്നത് എന്തോ അത് അവർ ചെയ്യുമെന്നും' ട്രംപ് പറഞ്ഞു. ഇസ്രായേൽ ഒരു 'ടീം പ്ലെയർ' ആണെന്നും താൻ ആവശ്യപ്പെടുമ്പോൾ അവർ പിന്മാറുമെന്നുമാണ് ട്രംപിന്റെ അവകാശവാദം.
യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയിൽ ട്രംപിന്റെ ജനസമ്മതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. നേരത്തെ നെതന്യാഹുവുമായി ആലോചിച്ചേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞിരുന്ന ട്രംപ് ഇപ്പോൾ നിലപാട് മാറ്റിയത് ഇസ്രായേലിനെ സമ്മർദത്തിലാക്കാനാണെന്ന് കരുതുന്നു. എന്നാൽ ചർച്ചകളോട് ഇറാൻ മുഖം തിരിച്ചുനിൽക്കുന്നത് അമേരിക്കയെ വെട്ടിലാക്കിയിരിക്കുകയാണ്.
ഇറാനെതിരായ ആക്രമണ വിവരങ്ങൾ ചോർന്നതിൽ പ്രകോപിതനായ ട്രംപ് ഫെബ്രുവരി 27ന് വിളിച്ച യോഗത്തിൽ ഓപ്പറേഷൻ നിർത്തിവെച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതേ രാത്രി തന്നെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ വിളിച്ച് ഇറാനെതിരെ ആദ്യ ആക്രമണം നടത്താൻ ട്രംപ് ഗൂഢപദ്ധതിയിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനെതിരായ യുദ്ധത്തിന് ട്രംപിനെ നിരന്തരം പ്രേരിപ്പിച്ചത് നെതന്യാഹുവാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ പിന്തുണയില്ലാതെ നെതന്യാഹുവിന് ഒരടി പോലും മുന്നോട്ട് നീങ്ങാനാവില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. ലോകസമാധാനത്തെ വെല്ലുവിളിച്ച് പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയതിന് പിന്നിൽ അമേരിക്ക - ഇസ്രായേൽ അച്ചുതണ്ടിന്റെ കൃത്യമായ അജണ്ടയുണ്ടെന്നാണ് ഈ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.









0 comments