ad
Deshabhimani

print edition വെടിനിർത്തൽ നീട്ടിയെന്ന്‌ ട്രംപ്‌

Trump.jpg
വെബ് ഡെസ്ക്

Published on Apr 23, 2026, 12:00 AM | 2 min read

വാഷിങ്‌ടൺ/ തെഹ്‌റാൻ : സമാധാന ചർച്ച അനിശ്‌ചിതത്വത്തിൽ തുടരവെ ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായി അമേരിക്ക. ഏപ്രിൽ എട്ടിന്‌ ധാരണയായ വെടിനിർത്തലിന്റെ കാലാവധി ബുധനാഴ്‌ച അവസാനിച്ചിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ്‌ ഷെരീഫ്‌, ഫീൽഡ്‌ മാർഷൽ അസീം മുനീർ എന്നിവരുടെ ആവശ്യപ്രകാരമാണ്‌ വെടിനിർത്തൽ ദീർഘിപ്പിക്കുന്നതെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചു.


വെടിനിർത്തൽ കരാർ അനിശ്‌ചിത കാലത്തേക്ക്‌ നീളില്ലെന്നും അഞ്ചു ദിവസത്തിനകം ഇരുപക്ഷത്തിനും സ്വീകാര്യമായ സമാധാന കരാർ ചർച്ചകളിലൂടെ രൂപീകരിക്കണമെന്നും ട്രംപ്‌ ട്രൂത്ത്‌ സോഷ്യലിൽ പ്രതികരിച്ചു. ഇറാൻ തുറമുഖങ്ങൾക്കുള്ള ഉപരോധം തുടരുമെന്നും ട്രംപ്‌ അറിയിച്ചു. പ്രഖ്യാപനങ്ങളോട്‌ ഇറാൻ പ്രതികരിച്ചിട്ടില്ല.


പാകിസ്ഥാന്റെ അഭ്യർഥന പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന്‌ പ്രധാനമന്ത്രി ഷഹബാസ്‌ ഷരീഫ്‌ പ്രതികരിച്ചു. സമഗ്രമായ സമാധാന കരാർ നടപ്പിലാക്കാൻ ഇരുരാജ്യങ്ങളും തയ്യാറാകുമെന്നാണ്‌ പ്രതീക്ഷ– ഷരീഫ്‌ പറഞ്ഞു.


തുറമുഖങ്ങളിലെ ഉപരോധം പിൻവലിക്കണമെന്ന്‌ ഇറാന്റെ ആവശ്യം യുഎസ്‌ തള്ളിയതോടെ രണ്ടാംഘട്ട ചർച്ച വഴിമുട്ടിയിരുന്നു. ഇസ്ലാമാബാദിൽ നടക്കേണ്ട ചർച്ചയ്‌ക്ക്‌ ഇറാൻ പ്രതിനിധികൾ എത്തിയില്ല. യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസ്‌ യാത്ര റദ്ദാക്കി. പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ്‌ അമേരിക്ക ഓരോദിവസവും പറയുന്നതെന്നും അതിനാൽ ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇറാൻ വിദേശ കാര്യ മന്ത്രി ഇസ്‌മായിൽ ബാഗേയി പറഞ്ഞു.


അതിനിടെ, ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു. ഇറാനിൽ ആറു സ്‌ത്രീകളും രണ്ട്‌ കുട്ടികളും തൂക്കുകയർ കാത്തുകിടക്കുകയാണെന്ന ട്രംപിന്റെ പ്രസ്‌താവന ഇറാൻ തള്ളി. ഇതിൽ പലരെയും വിട്ടയച്ചിട്ടുണ്ട്‌. ചില കേസിൽ വിചാരണ നടക്കുകയാണ്‌. ഇവർക്ക്‌ ജയിൽശിക്ഷ മാത്രം അനുഭവിച്ചാൽ മതി –ഇറാൻ പ്രതികരിച്ചു.


ഹോർമുസിൽ 3 കപ്പൽ ആക്രമിച്ച്‌ ഇറാൻ


ദുബായ്‌ : ഹോർമുസ്‌ കടലിടുക്കിലെ നിയന്ത്രണങ്ങൾ മറികടന്ന മൂന്ന്‌ കപ്പലുകൾക്ക്‌ നേരെ ഇറാൻ വെടിവച്ചതോടെ സമാധാന ശ്രമങ്ങൾ കൂടുതൽ അനിശ്‌ചിതത്വത്തിലായി. ഇതിൽ രണ്ട്‌ കപ്പലുകൾ പിടിച്ചെടുത്ത്‌ ഇറാനിലെ തുറമുഖത്തേക്ക്‌ മാറ്റി. എംഎസ്‌സി ഫ്രാൻസിസ്‌ക, എപമിനോണ്ടസ്‌ എന്നീ കപ്പലുകളാണ്‌ ഇറാൻ കസ്റ്റഡിയിലെടുത്തത്‌. എപമിനോണ്ടസ്‌ കപ്പൽ ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തേക്ക്‌ യാത്ര ചെയ്യാനിരിക്കവേയാണ് ആക്രമണമുണ്ടായത്.


ഇറാൻ തീരത്ത്‌ കുടുങ്ങിയ യൂഫോറിയ എന്ന കപ്പലും ആക്രമിക്കപ്പെട്ടെന്നും എന്നാൽ മറ്റ്‌ സാങ്കേതിക തകരാറില്ലാത്തതിനാൽ യാത്ര തുടർന്നെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ആക്രമണത്തിൽ ആളപായമില്ല. ബുധനാഴ്‌ച രാവിലെ മൂന്ന്‌ കപ്പൽ ആക്രമിക്കപ്പെട്ടതായി യുണൈറ്റഡ്‌ കിങ്‌ഡം മാരിടൈം ട്രേഡ്‌ ഓപ്പറേഷൻസ്‌ സെന്റർ പ്രതികരിച്ചിരുന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതോടെയാണ്‌ കപ്പലുകൾ ആക്രമിച്ചതെന്ന്‌ ഇറാൻ റവല്യൂഷണറി ഗാർഡ്‌ കോർ പറഞ്ഞു.


ഫെബ്രുവരി 28ന്‌ ആരംഭിച്ച യുദ്ധത്തിൽ ഇതിനോടകം 30 കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ്‌ വിവരം. ഹോർമുസിൽ നിയന്ത്രണം തുടരുന്നതിനാൽ ബുധനാഴ്‌ച ബ്രെന്റ്‌ ക്രൂഡോയിൽ ബാരലിന്‌ വില 98 ഡോളറായി വർധിച്ചു. പശ്‌ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം 35 ശതമാനമാണ്‌ വിലവർധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home