അമേരിക്കയിൽ റിലയൻസിന്റെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് ട്രംപിന്റെ പച്ചക്കൊടി

വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും തുടരുന്ന ആക്രണങ്ങൾക്കിടെ യു എസിൽ പുതിയ എണ്ണ ശുദ്ധീകരണ ശാല പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. റിലയൻസ് ഇൻഡ്‌സ്ട്രീസിന്റെ നിക്ഷേപത്തിൽ യുഎസിൽ പുതിയ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. അര നൂറ്റാണ്ടിനിടിയിൽ അമേരിക്കയിൽ അനുവദിക്കുന്ന ഏറ്റവും വിപലുമായ എണ്ണ ശുദ്ധീകരണ ശാലയാണ്.
യുദ്ധത്തിനെതിരായി ഇന്ത്യ നിലപാട് മയപ്പെടുത്തിയതും ദീര്‍ഘകാല കൂട്ടാളി രാജ്യമായ ഇറാനെ കൈയ്യാഴിഞ്ഞതും സംബന്ധിച്ച് വലിയ വിമര്‍ശനങ്ങൾ ഉയരുന്നതിനിടെയാണ് റിലയൻസിന്റെ അമേരിക്കൻ പങ്കാളിത്തം ട്രംപ് തന്നെ പ്രഖ്യാപിക്കുന്നത്. ഏറ്റവും വിലയ എണ്ണ നിക്ഷേപക രാജ്യങ്ങളാണ് ഇറാനും വെനിസ്വേലയും.വെനിസ്വേലയുടെ ഭരണ തലവനെ അന്താരാഷ്ട്ര മര്യാദകൾ മറികടന്ന് രാജ്യത്തിനകത്ത് കടന്നു കയറി ബന്ദിയാക്കി കൊണ്ടു പോയപ്പോഴും നരേന്ദ്ര മോദി സര്‍ക്കാര്‍ മൗനത്തിലായിരുന്നു.
വെനിസ്വേലയിലുള്ള എണ്ണപാടങ്ങൾ അമേരിക്കയിലെ സ്വകാര്യ കമ്പനികൾക്ക് അവകാശപ്പെടുത്തി നൽകാനുള്ള നീക്കമാണ് വെനിസ്വേലയിലെ സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ യു എസ് നടത്തിയത്. ഈ നാടകങ്ങൾക്ക് എല്ലാം ഒടുവിലാണ് എണ്ണ ശുദ്ധീകരണത്തിനായ് റിലയൻസിനെ അമേരിക്കയിലേക്ക് എത്തിക്കുന്നത്.
അംബാനിയുടെ കമ്പനി 300 ബില്യൺ ഡോളര്‍ ഇടപാടാണ് ട്രംപ് ഭരണകൂടവുമായി ഉറപ്പിച്ചിരിക്കുന്നത്. 20 വര്‍ഷത്തെ കരാറാണ് ഇതിന് പിന്നിലുള്ളത്. 175 ബില്യൺ ഡോളര്‍ മൂല്യം വരുന്ന 50 ബില്യൺ ഗ്യാലൻ ആണ് ഉത്പാദന ശേഷി പ്രഖ്യാപിച്ചിട്ടുള്ളത്. റിലയൻസിന്റെ ജാംനഗറിലെ ഇപ്പോഴത്തെ റിഫൈനറി ലോകത്തിലെ തന്നെ ഇത്തരത്തിലുള്ളവയിൽ ഏറ്റവും വലുതാണ്.

വ്യാപാര കരാറിലെ പഴുതുകളും ചര്‍ച്ചയിൽ
ഇന്ത്യ അമേരിക്ക വ്യാപാര കാരറിൽ രാജ്യതാത്പര്യം മുഴുവൻ ബലികഴിച്ചുള്ള കീഴടങ്ങൽ വ്യക്തമായിരുന്നു. അമേരിക്കൻ കോൺഗ്രസ് ട്രംപിന്റെ പ്രതികാര നികുതി അസാധുവാക്കിയപ്പോൾ മാത്രമാണ് ഇന്ത്യയ്ക്ക് അല്പം ആശ്വാസം ലഭിച്ചത്. എന്നാൽ ഇതിനെ മറികടന്ന് ട്രംപ് വീണ്ടും അധിക നികുതി പ്രഖ്യാപിച്ചു. വ്യാപാര കരാറിൽ ഇന്ത്യൻ വിപണിയെ പൂജ്യം താരിഫിൽ അമേരിക്കൻ വസ്തുക്കൾ ഇറക്കാനുള്ള കേന്ദ്രമാക്കി. ആയുധങ്ങൾ ഉൾപ്പെടെ വൻ ഇടപാടുകൾക്കും സമ്മതിച്ചു.
ലോകത്തിലെ തന്നെ നയതന്ത്ര, ബിസിനസ് മേഖലകളിൽ ഇത് കൗതുകം ഉണര്‍ത്തി. നയ മാറ്റങ്ങൾക്ക് പിന്നിലെ ഇടപാട് എന്താണെന്ന ചോദ്യം രാജ്യം മുഴുവൻ ഉയര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ത് രഹസ്യ ഡീൽ ആണ് ലക്ഷ്യം വെക്കുന്നത് എന്ന ചോദ്യം പ്രതിപക്ഷ പാര്‍ട്ടികൾ ഒന്നടങ്കം ആവര്‍ത്തിച്ചു. ഇതിന് പിന്നാലയൊണ് പുതിയ റിലയൻസ് ബാന്ധവം പുറത്ത് എത്തുന്നത്.
റിലയൻസിനായി വഴി ഒരുക്കിയ കീഴടങ്ങലുകൾ
ആയുധ ഇടപാടിലും എൻ ഡി എ സര്‍ക്കാര്‍ ഇതുപോലെ നയമാറ്റം നടത്തിയിട്ടുണ്ട്. 2015വരെ അറുപത് ശതമാനം ആയുധങ്ങളും രാജ്യം വാങ്ങിച്ചിരുന്നത് റഷ്യയിൽ നിന്നായിരുന്നു. മോദി സര്‍ക്കാര്‍ ക്രമേണ ഇത് വെട്ടിക്കുറച്ചു. ഇസ്രയേലിൽ നിന്നും ഫ്രാൻസിൽ നിന്നും ആയുധം വാങ്ങിക്കുന്നത് വര്‍ധിപ്പിച്ചു. ഇപ്പോൾ റഷ്യയുടെ വിഹിതം 40 ശതമാനമാണ്. പുതിയ ലക്ഷ്യമായ ഇസ്രയേൽ 2025ഓടെ ആയുധ കച്ചവടത്തിന്റെ15ശതമാനം വിഹിതം സ്വന്തമാക്കി. ഫ്രാൻസിന്റെ പങ്ക്29ശതമാനമാണ്. പലസ്തീൻ അധിനിവേശ നടപടികളിലും ഇസ്രയേലിനെതിരെ ഒരു വാക്കും ഉരിയാടിയില്ല. ഇന്ത്യ ലോകത്ത് തന്നെ ഏറ്റവും അധികം ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന രണ്ടാമത്തെ രാജ്യമാണ്.
ആയുധ കച്ചവടവും എണ്ണ കച്ചവടവും സാധാരണ വൻ ലോബികളുടെ ലോകമാണ്. അമ്പതുവർഷത്തിനിടെ യുഎസിൽ ആദ്യമായി പുതിയ എണ്ണ ശുദ്ധീകരണശാല തുറക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ടെക്‌സാസിലെ ബ്രൗൺസ്‌വില്ലിയിലാകും പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ വലിയ നിക്ഷേപം നടത്തുന്നതിന് ഇന്ത്യയിലെ പങ്കാളികൾക്കും പ്രത്യേകിച്ച് ഏറ്റവും വലിയ ഊർജ കമ്പനിയായ റിലയൻസിനും നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു.
'അമേരിക്ക ഫസ്റ്റ് റിഫൈനിങ്' എന്ന കമ്പനിക്ക് കീഴിലാണ് ടെക്‌സാസിൽ പുതിയ എണ്ണശുദ്ധീകരണ ശാല ആരംഭിക്കുന്നത്. 2024-ൽ ദിനംപ്രതി 1,60,000ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച'എലമെന്റ് ഫ്യൂവൽസ്'എന്ന പദ്ധതിയാണ് റിലയൻസിന്റെ സ്വന്തം പേരിൽ മറനീക്കി വരുന്നതെന്നാണ് റിപ്പോർട്ട്. 2024 ജൂണിൽ സൈറ്റ് തയ്യാറാക്കൽ പൂർത്തിയാക്കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെ്യ്തിരുന്നു. എലമെന്റ് ഫ്യൂവൽസിന്റെ വെബ് വിലാസം ഇപ്പോൾ അമേരിക്ക ഫസ്റ്റ് റിഫൈനിംഗിന്റെ വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്ത് വെച്ചിട്ടുണ്ട്.
ഈ വർഷം രണ്ടാംപാദത്തിൽ തന്നെ പുതിയ എണ്ണശുദ്ധീകരണശാലയുടെ ശിലാസ്ഥാപനം നിർവഹിക്കും. ഇവിടെനിന്നുള്ള ഇന്ധന വിൽപ്പനയ്ക്കായി 20വർഷത്തെ കരാറിൽ ഇതിനോടകം ഒപ്പുവെച്ചിട്ടുണ്ടെന്നും പറയുന്നു. യുഎസ് ഗൾഫ് തീരത്ത് പുതിയൊരു ശുദ്ധീകരണശാലയുടെ ആവശ്യകതയെക്കുറിച്ച് ചില വ്യവസായ വിശകലന വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനകം തന്നെ അമേരിക്കയ്ക്ക് ഇക്കാര്യത്തിൽ ഗണ്യമായ ശേഷിയുണ്ട്. വിപണിയുടെ ആവശ്യകതയ്ക്ക് പര്യാപ്തവുമാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് പതിവാക്കിയ ട്രംപിന്റെ ലക്ഷ്യവും ഈ ഘട്ടത്തിൽ ചര്‍ച്ചയിൽ എത്തുന്നു.
റിലയൻസ് ഇതുവരെഇക്കാര്യം രഹസ്യമാക്കി വെച്ചിരിക്കയായിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ചോ യുഎസിലെ നിക്ഷേപത്തെക്കുറിച്ചോ കമ്പനിപ്രതികരിച്ചിട്ടില്ല.
ഇലക്ട്രൽ ബോണ്ടിലെ വഴികൾ
ഇലക്ട്രൽ ബോണ്ട് ഡാറ്റ പ്രകാരം, റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളും വ്യക്തികളും ചേർന്ന് ബിജെപിക്ക് നൽകിയ ആകെ തുക ഏകദേശം 545 കോടി രൂപയാണ് . ഈ തുകയിൽ ഭൂരിഭാഗവും ക്വിക്ക് സപ്ലൈ ചെയിൻ എന്ന കമ്പനി വഴിയാണ് നൽകിയത്.
ഇവർ 410 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി . ഇതിൽ 385 കോടി ബിജെപിക്കും , 25 കോടി ശിവസേനയ്ക്കും നൽകി . ശ്രദ്ധേയമായ വസ്തുത, 2021-22 സാമ്പത്തിക വർഷത്തിൽ ക്വിക്ക് സപ്ലൈ ചെയിന് 21.72 കോടി രൂപ മാത്രമായിരുന്നു അറ്റാദായം ഉണ്ടായിരുന്നത്. എന്നാൽ അതേ വർഷം തന്നെ ഇവർ 360 കോടി രൂപ രാഷ്ട്രീയ സംഭാവന നൽകുകയും ചെയ്തു. ഇത് ബിജെപിക്കും സഖ്യ കക്ഷിക്കുമായിരുന്നു.
ക്വിക്ക് സപ്ലൈ ചെയിൻ തങ്ങളുടെ കമ്പനിയുടെ അനുബന്ധ സ്ഥാപനമോ ഭാഗമോ അല്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വക്താക്കൾ നേരത്തെ ഇടപാട് വിവാദമായതോടെ വ്യക്തമാക്കിയിരുന്നു . എന്നാൽ, ഈ കമ്പനിയുടെ രജിസ്റ്റർ ചെയ്ത വിലാസം നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റി ആണ് . കൂടാതെ, ക്വിക്ക് സപ്ലൈ ചെയിനിലെ ഡയറക്ടർമാരായ തപസ് മിത്ര, വിപുൽ പ്രണവ് മേത്ത തുടങ്ങിയവർ റിലയൻസിന്റെ മറ്റ് കമ്പനികളിലും ഡയറക്ടർമാരോ ഉദ്യോഗസ്ഥരോ ആയി പ്രവർത്തിക്കുന്നുണ്ട് എന്ന വാര്‍ത്തകളും പിന്നീട് പുറത്തായി.










0 comments