ad
Deshabhimani

ഐടി മേഖലയിലും വ്യാപാര യുദ്ധം

ഔട്ട്‌സോഴ്‌സിങ് ജോലികൾക്ക് മേലും പ്രതികാര ചുങ്കം പരിഗണിക്കാൻ യു എസ്

out sourcing
വെബ് ഡെസ്ക്

Published on Sep 07, 2025, 02:29 PM | 2 min read

ന്ത്യൻ ടെക് സ്ഥാപനങ്ങൾക്ക് യുഎസ് കമ്പനികൾ അവരുടെ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് തടയുന്ന കാര്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് അമേരിക്കൻ വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ അവകാശപ്പെട്ടു.


സാധനങ്ങൾ പോലെ തന്നെ യുഎസിലേക്ക് വിദൂരമായി സേവനങ്ങൾ നൽകുന്നതിനുള്ള പദവിക്കും രാജ്യങ്ങൾ പണം നൽകുന്ന സംവിധാനം വേണമെന്ന് അവശ്യപ്പെട്ട് മുൻ നേവി ഇന്റലിജൻസ് ഓഫീസറും വലതുപക്ഷ വക്താവുമായ ജാക്ക് പോസോബിക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൂമറുടെ പോസ്റ്റ് വന്നത്.


ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങളുടെ പ്രധാന ശിൽപ്പിയായ ഉപദേഷ്ടാവ് പീറ്റർ നവാരോ ഇവരുടെ നിർദ്ദേശത്തിന് “അഭിനന്ദനം” അറിയിച്ച് പ്രതികരിച്ചതായി വാർത്തകളുണ്ട്. ജാക്ക് പോസോബിക്കിന്റെ പോസ്റ്റ് നവാരോ അടുത്തിടെ റീട്വീറ്റ് ചെയ്തതും ഈ മാർഗ്ഗത്തിലുളള നീക്കത്തെ കുറിച്ചുള്ള സംശയം ബലപ്പെടുത്തി. സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ്, സാധനങ്ങളുടെ ഇറക്കുമതിക്ക് തുല്യമായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പോസ്റ്റ്.



ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി പ്രമുഖർക്ക് ഔട്ട്‌സോഴ്‌സിംഗ് നൽകുന്നതിന് പൂർണ്ണമായ നിയന്ത്രണങ്ങൾ പരിഗണിക്കുന്നുണ്ടോ, അതോ വിദേശ സേവനങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫ് ഏർപ്പെടുത്തിയേക്കുമോ എന്നത് ആശങ്കയാണ്. അനവധി ചെറു കമ്പനികളും ഈ രംഗത്ത് പ്രവർത്തിക്കുന്നു.


ഇന്ത്യയിൽ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ സ്ഥാപിച്ച ഗ്ലോബൽ കപ്പാസിറ്റി സെന്ററുകളുടെ (ജിസിസി) മുകളിൽ പിടി വീഴുമോ എന്നതും വ്യക്തമല്ല. "മെയ്ക്ക് കാൾ സെന്റേഴ്സ് അമേരിക്ക എഗയ്ൻ" എന്ന മുദ്രാവാക്യമാണ് ജാക് പോസോബിക് ഉയർത്തിയത്.



ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാഷ്ട്രമാണ് യുഎസ്. 250 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയുമായുള്ള ഔട്ട്‌സോഴ്‌സിംഗ് വ്യവസായം. ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ, ടെക് തുടങ്ങിയ മേഖലകളിൽ എല്ലാം സേവനം വ്യാപിച്ച് കിടക്കുന്നു. ആഗോള ഔട്ട്‌സോഴ്‌സിംഗ് വിപണിയുടെ ഏകദേശം 60% ഇന്ത്യയാണ് കയ്യാളുന്നത്. ഔട്ട്‌സോഴ്‌സിങ് ആവശ്യമാവുന്ന ഐടി ജോലികളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ പ്രകാരം ഗൾഫ് കഴിഞ്ഞാൽ ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിന്റെ ഏറ്റവും വലിയ ഉറവിടം യുഎസാണ്. 2023-24 ൽ രാജ്യത്തേക്ക് എത്തിയ പണത്തിന്റെ 27.7% വരും ഇത്.


എച്ച്-1ബി വിസകളിലെ നിയന്ത്രണങ്ങളും ഔട്ട്‌സോഴ്‌സിംഗ് ജോലികൾക്കുള്ള യുഎസ് കമ്പനികൾക്കുള്ള പിഴ നികുതിയും നേരത്തെ തന്നെ വെല്ലുവിളി ഉയർത്തിയിരുന്നു. ഇന്ത്യൻ ടെക് തൊഴിലാളികൾ ഓൺഷോർ (H1B വിസ വഴി) ഓഫ്‌ഷോർ (റിമോട്ട് സർവീസുകൾ വഴി) മാർഗ്ഗങ്ങളിൽ അമേരിക്കൻ തൊഴിൽ രംഗത്ത് ഭീഷണിയാണ് എന്ന പ്രചാരണമാണ് മുന്നേറുന്നത്.


ലൂമറിനോ നയോപദേശകൻ നവാരോയ്‌ക്കോ നിരോധനമോ പ്രതികാര ചുങ്കമോ ആവശ്യപ്പെടാൻ നിയമപരമായ അധികാരമില്ല. അവരുടെ അഭിപ്രായങ്ങൾ ഔപചാരിക നയമല്ല. ട്രംപ് ഭരണകൂടം ഇതുവരെ ഔട്ട്‌സോഴ്‌സിംഗ് നിരോധിക്കുന്നതിനെക്കുറിച്ചോ വിദേശ റിമോട്ട് തൊഴിലാളികൾക്ക് താരിഫ് ബാധകമാക്കുന്നതിനെക്കുറിച്ചോ ഔദ്യോഗിക അഭിപ്രായ പ്രകടനങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ ഇത്തരം അഭിപ്രായപ്രകടനങ്ങളെ ശരിവെക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home